2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

കവിത. കടലാസ്സുതോണി

          കടലാസ്സുതോണി

മഴക്കോളുണ്ട്, പുറത്തിറങ്ങുവതെങ്ങനെ
ശീലമായ്, കൊച്ചുകുഞ്ഞിനീ നടത്ത,മെങ്കിലും.
അമ്മ ബാങ്കിലെ കണക്കുതിരയിലാണ്ടിടാ-
മച്ഛൻ ഉന്നതൻ കാര്യവിചാരത്തിലാം.
മുത്തശ്ശൻ മുത്തശ്ശിയും വേണം കുഞ്ഞിക്കണ്ണിലെ
കുസൃതികളൊക്കെ പെരുപ്പിച്ചുനിർത്തതിടാൻ.

ഏറെ നാളായൊരു കളിയുണ്ടു,കാത്തുകാത്തങ്ങനെ വീഴാനറച്ചുനില്പ്പൊരീകാലവർഷത്തുുളളികൾ
കൂടിച്ചേർന്നൊരു കുഞ്ഞൊഴുക്കാവുകിൽ
ചേര്ത്തുവെച്ചിടാമി ക്കടലാസ്സുതോണി
പരിമിതമാണിടമീ ബാല്ക്കണിയി,ലെങ്കിലും.
ഒളിച്ചുകളി,യടങ്ങുന്നീലാ മഴപ്പെയ്ത്തുമില്ലെ-
ന്നാലുമീ കാറ്റുംകോളും പ്രതീക്ഷകൾമാത്രം.

നിവൃത്തിയില്ലല്ലോ, തുറക്കാം കമ്പ്യൂട്ടറും, നെറ്റും
കാണിച്ചിടാം ജാലകത്തിലെ ജലോത്സവം.
തൻ തോണി, നീറ്റൊഴുക്കിലൂടാർത്താർത്തുചരിപ്പതുകണ്ടു 
ഹർഷോന്മാദം കൊണ്ടീലെങ്കിലെന്തു
കാണാം, കൂടാമല്ലോ ദേശത്തിൻ പെരുമ.
ഓളപ്പരപ്പിലെ ചുണ്ടന്റെ ആര്ത്തട്ടഹാസങ്ങളിൽ.

ജലോത്സവമാണ്, ദേശീയനേതാക്കളെത്തുന്നൂ
പുരുഷാരം മേളപ്പെരുക്കത്തിലാടിയുലയുന്നു
നിരന്നിരിപ്പോരാ സ്വര്ണ്ണട്രോഫികൾ നീളെ
കാന്തിപൂരം പൊലിപ്പിച്ചു, മോഹിപ്പിക്കുന്നൂ.

കയ്യിലുണ്ടവന്റെ കുഞ്ഞുകടലാസ്സുതോണി
വക്കുമടക്കി ചിത്രമായ്തീര്ത്തതെങ്കിലും.
കണ്ണെടുക്കാതെ കാണുമക്കാഴ്ചത്തിളക്കത്തിൽ
കേരളനാട്ടിൻ പോരാട്ടപ്പെരുമയാര്ക്കുന്നൂ.

ആറുകൾ വറ്റുന്നൂ, വഴിമാറുന്നൂ, നിന്നുപോകുന്നു
ജലോത്സവപ്രഹർഷങ്ങളെങ്കിലും
ഓര്മ്മയിൽ ചിത്രങ്ങളിൽ ചേര്ത്തുവെച്ചുനാം
പുതുതലമുറയിലേറ്റുന്നു മഹിത പൈതൃകം
തുള്ളിതുള്ളിയായിതേറ്റുതന്നെവേണ,മിക്കുഞ്ഞും
കേരനാട്ടിന്നപദാനങ്ങൾ നാളെ വാഴ്ത്തിടാൻ.

നാല്പ്പതാറുകളൊഴുകുന്നൂ കാലവര്ഷം കനക്കുന്നൂ
നദിപ്പരപ്പില്ത്തോണികൾ മത്സരിച്ചോടുന്നൂ
പച്ചത്തിരയില് കാറ്റുരുളും വയലേലയും
ഞാറ്റുപാട്ടില്ക്കലരുംചേറ്റുമണവും
കര്ക്കിടകഘ്ഘോഷവും ചിങ്ങപ്പൂംപുലരിയും
മകരക്കുളിരും തിരുവാതിരയുമോണപ്പാട്ടു-
മക്കഥകളി തുള്ളല്ക്കലാവിലാസങ്ങളു
മെല്ലാം റെക്കോര്ഡിലാക്കിയിട്ടുണ്ടു നാം.

കയ്യിലുണ്ടവന്റെ കുഞ്ഞുകടലാസ്സുതോണി
നനച്ചു നഷ്ടമാക്കേണ്ട, നമുക്കു കാത്തുവെച്ചിടാ-
മിനിയുമുണ്ടല്ലോ മുന്നിൽ വർഷകാലവും
ഞാറ്റുവേലയും, കണക്കിൽ പിഴച്ചീടിലും.