രണ്ട് ഇതിഹാസങ്ങള്‍-
ഡോ. യു. ജയപ്രകാശ്
1969 ലാണ് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്, ഇരുപതുവര്‍ഷത്തിനുശേഷം അതിനെക്കുറിച്ചുള്ള സ്മരണകളായി 1989ല്‍ ഇതിഹാസത്തിന്റെ ഇതിഹാസവും. മലയാളസാഹിത്യത്തെ സംബന്ധിച്ച് ഈ രണ്ടുകൃതികളും സവിശേഷങ്ങളാണ്. പ്രസിദ്ധീകരണത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ നോവല്‍ അതിന്റെ അപൂര്‍വ്വതയാല്‍ ശ്രദ്ധിക്കപ്പെട്ടു. പാലക്കാടന്‍ ഗ്രാമത്തിന്റെ ഐതിഹാസികമായൊരു കാല്പ്പനിക സൃഷ്ടിയായി നമ്മുടെ നോവല്‍ സാഹിത്യത്തില്‍ വേറിട്ട അനുഭവമായി ഖസാക്കിന്റെ ഇതിഹാസം അതിന്റെ മുദ്ര പതിപ്പിച്ചു. മറ്റു പലതുകൊണ്ടും ശ്രദ്ധേയനായിക്കഴിഞ്ഞിരുന്ന തല്‍ക്കര്‍ത്താവ് ആ നോവലിന്റെ രചനാപശ്ചാത്തലം വെളിപ്പെടുത്തുന്നതോടൊപ്പം അതിലെ കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും സമര്‍ത്ഥമായ ബിംബങ്ങളുടെയും പ്രചോദനത്തെക്കുറിച്ചുമുള്ള ഭാവസാന്ദ്രമായ ഓര്‍ത്തെടുക്കലാണ് രണ്ടാമത്തെ കൃതിയില്‍ നടത്തിയിട്ടുള്ളത്. പ്രഖ്യാതമായ ഒരു സാഹിത്യകൃതിയുടെആ പിന്നാമ്പുറങ്ങള്‍, തീര്‍ച്ചയായും ആസ്വാദകര്‍ക്ക് കൌതുകം പകരുന്ന വായനാനുഭവമാണ് പകര്‍ന്നുനല്‍കുന്നത്.
1958ല്‍ മാതൃഭൂമി വാരികയില്‍ അപ്പുക്കിളി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥ, നോവലില്‍ നരി, സന്ധ്യ എന്നീ പേരുകളില്‍ പതിനൊന്നും പന്ത്രണ്ടും അധ്യായങ്ങളായി രൂപം മാറിയിരിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ‘ഒരു യുദ്ധത്തിന്റെ ആരംഭം’ എന്ന കഥ വായിച്ച പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍, ‘ഇത്തിരീം കൂടി ഇങ്ക്വിലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ’ എന്ന് നിര്‍ദ്ദേശിച്ചത് നോവലിന്റെ പ്രചോദനമായെന്ന് ഒ.വി.വിജയന്‍ വെളിപ്പെടുത്തുന്നു. (പു.27,ഇ.ഇ) ഖസാക്കിന്റെ മൂലഗ്രാമത്തില്‍ ആകസ്മികമായി കുറച്ചുനാളുകള്‍ താമസിക്കാനിടയായത് ആ പാലക്കാടന്‍ ഉള്‍നാട്ടുഗ്രാമത്തിലെ സാമൂഹ്യമാറ്റത്തിന്റെ കഥയായി വിഭാവനം ചെയ്ത് എഴുതിത്തുടങ്ങുകയും പിന്നീട് തഞ്ചാവൂരിലും ഡല്‍ഹിയിലും പ്രവാസജീവിതത്തിനിടയില്‍ നടത്തിയ വലിയ തിരുത്തലുകളിലൂടെ നോവല്‍, ഇന്നത്തെ രൂപത്തിലായിയെന്നും അദ്ദേഹം എഴുതുന്നു. ഇതിഹാസത്തിന്റെ ഇതിഹാസം നമ്മെ അത്ഭുതപ്പെടുത്തുന്നത് നോവലിന്റെ ഈ പരിണാമത്തില്‍ ഭാഗഭാക്കാവുന്ന എഴുത്തുകാരന്റെ വ്യക്തിജീവിതത്തിലെ സാഹചര്യങ്ങളെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അവ ഉണ്ടാക്കുന്ന അത്ഭുതകരമായ സ്വാധീനങ്ങളെക്കുറിച്ചുമുള്ള സ്മരണകളാലാണ്. സര്‍ഗ്ഗാത്മകമായ ഒരു രചനയുടെ ജന്മത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മമായ ഓര്‍ത്തെടുക്കല്‍ സാഹിത്യലോകത്ത് വളരെ അപൂര്‍വ്വമാണ്.
1969 മലയാള നോവലിനെ സംബന്ധിച്ച് അവിസ്മരണീയമായൊരു വര്‍ഷമാണ്. ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം ഈവര്‍ഷം കാക്കനാടന്റെ ഉഷ്ണമേഖലയും, മുകുന്ദന്റെ ഡല്‍ഹിയും പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം ആനന്ദിന്റെ ആള്‍ക്കൂട്ടവും. ഇത്രയും പ്രശസ്തവും ഭാവുകത്വപരമായി നിര്‍ണ്ണായകവുമായ നോവലുകളോടൊപ്പമാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മലയാള വായനാസമൂഹം സ്വീകരിക്കുന്നത്. മലയാളസാഹിത്യത്തില്‍ നോവലിന്റെ ദശകമായിരുന്നു അത്. ഏതു ലോകഭാഷയിലേയും ഭാവുകത്വത്തോട് കിടപിടിക്കുന്ന രചനകള്‍ നമ്മുടെ ഭാഷയിലും പിറന്നുവീണു. മനുഷ്യമനസ്സിന്റെ അഗാധമായ അടിത്തട്ടുകളിലൂടെ സഞ്ചരിച്ച് വിചിത്രമായ ലോകങ്ങള്‍ കണ്ടെത്താനും അസാധാരണമായ അനുഭൂതിവിശേഷങ്ങള്‍ പകര്‍ന്നുതരാനും നമ്മുടെ നോവലിനുമാകുമെന്ന് വ്യക്തമാക്കുന്ന എഴുത്തും, ആധുനികസാഹിത്യത്തിന്റെ ആ ഭാവുകത്വപരിണാമത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്ന വായനാസമൂഹവും ഇവിടെയുമുണ്ടായി.
ഖസാക്കിലെ രവി ഒരു അസാധാരണ കഥാപാത്രമാണ്. നോവലിലെ നായകനായ രവിയിലൂടെ അവതരിപ്പിക്കപ്പെട്ട ജീവിതദര്‍ശനം വളരെ സങ്കീര്‍ണ്ണമായിരുന്നു. അതൊരു ദര്‍ശനമെന്ന വിശേഷണം തന്നെ അര്‍ഹിക്കുന്നതല്ല. സന്ദേഹിയായ രവി സത്യാന്വേഷിയാണ്. അറിഞ്ഞതിനപ്പുറം അശാന്തമായ മനസ്സോടെ പൂര്‍ണ്ണത തേടുന്ന നിത്യസഞ്ചാരി. തന്നിലേക്കു കടന്നുവരുന്ന എതനുഭവത്തേയും കാരുണ്യത്തോടെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന രവിയുടെ നിലപാട് വ്യവസ്ഥാപിതമായ മൂല്യങ്ങളോടും സദാചാരസങ്കല്പ്പങ്ങളോടും കലഹിക്കുന്നതായിരുന്നു. മതത്തിന്റെയോ വീക്ഷണങ്ങളുടെയോ അനുശാസനങ്ങള്‍ക്കും മുന്‍ധാരണകളുടെ കാലുഷ്യങ്ങള്‍ക്കും വഴങ്ങാത്ത രവിയിലേക്ക് ഖസാക്ക് മനുഷ്യഭാഗധേയത്തിന്റെ നിഷ്‌ക്കരുണമായ വഴിതുറന്നിട്ടു. അതൊക്കെയും ഉദാരതയോടെ സ്വീകരിക്കാനുള്ള നിഷ്‌ക്കളങ്കതയുടെ അസാ ധാരണത്വം ഈ നായകനില്‍ സന്നിവേശിക്കപ്പെട്ടത് തികച്ചും അകൃത്രിമത്വത്തോടെയായിരുന്നു താനും. അസ്തിത്വത്തിന്റെ വേവലാതികളിലൂടെ സഞ്ചരിച്ച് അഗമ്യഗമനങ്ങളിലേക്കും അനിയന്ത്രിതമായ അരാചകത്വങ്ങളിലേക്കും കടന്ന കഥാപാത്രത്തെ അന്നത്തെ മുഖ്യധാരാവിമര്‍ശനം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാഞ്ഞത് സ്വാഭാവികമാണ്. സാമൂഹ്യപ്രതിബദ്ധതയുടെയും സംസ്‌ക്കാരവാഹകത്വത്തിന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് അന്നു സര്‍ഗ്ഗാത്മകത മോചിപ്പിക്കപ്പെട്ടിരുന്നില്ല. ഖസാക്കിലെ രവിയും മൈമുനയും ഖാലിയാരും അള്ളാപ്പിച്ച മൊല്ലാക്കയും മുങ്ങാങ്കോഴിയും അപ്പുക്കിളിയുമൊക്കെ നിര്‍മ്മിച്ച് ഒ.വി.വിജയന്‍ ഭാവനാസൃഷ്ടിയുടെ മറ്റൊരുവിധാനത്തെ പൂരിപ്പിക്കുകയായിരുന്നു.
നിജാമലിയിലൂടെ ഖസാക്കിലെ സാമൂഹിക പരിണാമത്തിനു ആവിഷ്‌ക്കാരം നല്‍കാന്‍ ആദ്യം സങ്കല്പ്പിച്ച നോവല്‍, ഖസാക്കിലെ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പരിധികളൊക്കെ ലംഘിച്ച് സന്ദേഹിയായ നായകപാത്രം സര്‍വ്വനിഷേധത്തിന്റെ ആവിഷ്‌ക്കാരമാവുകയും കാര്‍ട്ടൂണിസ്റ്റായ നോവലിസ്റ്റിന്റെ പ്രതിഭാകൗശലങ്ങളുടെയും ഭ്രമാത്മകലോകത്തിന്റെയും സൃഷ്ടിയാവുകയാണുണ്ടായത്. ഈ പരിണാമം വന്ന നാള്‍ വഴി നമുക്ക് ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ ഒ.വി.വിജയന്‍ ബോദ്ധ്യപ്പെടുത്തിത്തരുന്നുമുണ്ട്. രവിയെപ്പോലെത്തന്നെ സങ്കീര്‍ണ്ണമാകുന്ന കഥാപാത്രമാണ് നിജാമലിയും. മൈമുനയുടെ പേരില്‍ ഇവര്‍ തമ്മിലുണ്ടാകുന്ന അടിപിടിക്ക് നോവലില്‍ ദുര്‍ഗ്രഹമായൊരു മായികത നല്‍കിയിരിക്കുന്നു. അള്ളാപ്പിച്ച മൊല്ലാക്കയുടെ പിന്‍മുറക്കാരനാവാനുള്ള നിയോഗത്തെ നിഷേധിച്ച് രാജാവിന്റെ പള്ളിയിലെ ഖാലിയാരായി സ്വയം വിധിക്കുന്ന നിജാമലി കൂമന്‍കാവിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഒരവസരത്തില്‍ വേഷമണിയുന്നതും രസാവഹമാണ്. ഏകാദ്ധ്യാപക വിദ്യാലയവും ഖസാക്കിന്റെ ഭൂപ്രകൃതിയും തദ്ദേശീയരുടെ സാമൂഹ്യജീവിതവും ഖസാക്ക് നിവാസികളുടെ ജീവിതത്തിന്റെ സൂക്ഷ്മവിവരണവുമെല്ലാം കഥാകാരന്റെ കല്പ്പനാസൃഷ്ടിയാണെങ്കിലും ഖസാക്കിനെ സാങ്കല്പ്പികലോകമായിക്കാണാന്‍ കഴിയാത്തവിധം യാഥാര്‍ത്ഥ്യ പ്രതീതിയോടെ വരച്ചിട്ടിരിക്കുന്നു. കഥാപാത്രങ്ങളിലൂടെ ഖസാക്കിന്റെ ഭൂപ്രകൃതിയും വായനക്കാരന് കണ്മുന്നില്‍ അനുഭവിക്കുന്ന ലോകമായി അനുഭവപ്പെടുത്താന്‍ കഴിഞ്ഞ രചനാകുശലത നോവലിസ്റ്റിനുണ്ട്. പാവങ്ങളും നിരക്ഷരുമായ ഗ്രാമീണജനതയുടെ വിശ്വാസങ്ങളും ജീവിതായോധനവും ആഖ്യാനം,ചെയ്യപ്പെടുകയല്ല, നമ്മുടെ പ്രിയപ്പെട്ട പാത്രങ്ങളുടെ ജീവിതം തന്നെയാണ് ആവിഷ്‌കൃതമാകുന്നത്. ആകെയുള്ള ഇരുപത്തെട്ട് അധ്യായങ്ങള്‍ ചിലേടത്തെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെട്ട സ്വതന്ത്രകഥകളെപ്പോലെ മാറിനില്ക്കുന്നവയാണെങ്കില്‍പ്പോലും ഖസാക്ക് വായന ഒരിക്കലും വിരസമാവാത്തത് എഴുത്തുകാരന്‍ ഊന്നുന്ന മനുഷ്യജീവിതത്തിന്റെ ഭാഗധേയത്തെക്കുറിച്ചുള്ള വേവലാതി പൂണ്ട അന്വേഷണത്തിലെ സത്യസന്ധതകൊണ്ടാണ്.
ഖസാക്ക് ഒരു സാങ്കല്പികസ്ഥലമാണെന്ന ബോധം വായനയുടെ ഒരുവേളയിലും ഉയര്‍ന്നുവരാത്തത് വിജയനെന്ന കൃതഹസ്തനായ എഴുത്തുകാരന്റെ സര്‍ഗ്ഗവൈഭവത്തിനു ദൃഷ്ടാന്തമാണ്. വൈയക്തികമായ അനുഭവാംശങ്ങളെ സമര്‍ത്ഥമായി നോവലില്‍ ഉപയോഗിക്കാനായതുപോലെ ബാല്യകാലം മുത ല്ക്കുതന്നെ അനുഭവിച്ചിരുന്ന ഭ്രമാത്മകമായ കല്പനകളെ സ്മരണയില്‍ സംരക്ഷിച്ച് ഉപയോഗപ്പെടുത്താനും സാധിച്ചത് ശ്രദ്ധേയമാണ്. അപ്പുക്കിളിയുടെ സങ്കല്പ്പംതന്നെ അത്തരമൊരു നേട്ടമാണല്ലോ. മൃഗതൃഷ്ണയെന്നു പറയാറുള്ള അനുഭവത്തെ കല്പ്പവൃക്ഷത്തിന്റെ തൊണ്ടായി വിവരിക്കുന്ന അനുഭവം പോലെ ഹൃദ്യമാണ് തുമ്പികളെ പരേതാത്മാക്കളുമായി ബന്ധിപ്പിച്ചുകൊണ്ടു ള്ള പുനര്‍ജന്മകല്പ്പന. ഖസാക്കില്‍ അവതരിക്കപ്പെടുന്ന കുട്ടികളുടെ ലോകത്തിനുമുണ്ട് അതിന്റേതായ ചാരുത. അപ്പുക്കിളിയുടെ കൂട്ടുകാരായ കുഞ്ഞാമിന, നൂറ്, കരുവ് തുടങ്ങിയവര്‍ നോവലിന്റെ ഭാവമണ്ഡലത്തെ സവിശേഷമാക്കുന്നു. മുങ്ങാങ്കോഴിയും കുപ്പുവച്ചനും മൊല്ലാക്കയും അത്തറു മുതലാളിയും സൃഷ്ടിച്ചെടുക്കുന്ന ഖസാക്കിന്റെ സാമൂഹ്യജീവിതവും അസാ ധരണമാണ്. മൈമുനയടക്കം ഖസാക്കില്‍ ചിത്രീകരിക്കപ്പെടുന്ന സ്ത്രീകളുടെ സദാചാരബോധം എന്തുകൊണ്ടോ അത്രമാത്രം ശോഭനമായി അനുഭവപ്പെടുന്നില്ല. നായകനായ രവിയുടെ സന്‍മാര്‍ഗ്ഗജീവിതവും അതുപോലെത്തന്നെ. പാത്രസങ്കല്പ്പത്തിലെ ഈ വൈരുദ്ധ്യം ആശ്രമത്തിലെ അന്തേവാസിയായ സ്വാമിനിയുടെ ഉടുമുണ്ടുമായി കൂമന്‍കാവില്‍ ബസ്സിറങ്ങുന്ന നായകന്റെ ഖസാക്ക് ജീവിതമാകെ നിറഞ്ഞുനില്ക്കുന്നതായി കാണാം. യാഗാശ്വമായ മൈമുനയും ശിവരാമന്‍നായരുടെ ഭാര്യ നാരായണിയും നീലിയും കോടച്ചിയുമൊക്കെ കുറ്റബോധമൊട്ടുമില്ലാതെ കാമത്തെ സ്വീകരിക്കുന്നവരാണല്ലോ. അരാജകത്വം ജൈവപ്രകൃതി തന്നെയാണെന്ന സന്ദേശമാണ് നോവലിസ്റ്റ് പകര്‍ന്നുതരുന്നത്. ആധുനികതയുടെ നിരങ്കുശമായ നിലപാടുതന്നെയാണിത്. അസ്തിത്വദു:ഖവും മരണവുമായിരുന്നു ആ ഭാവുകത്വത്തില്‍ ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നെങ്കിലും ഭാരതീയ കര്‍മ്മസിദ്ധാന്തത്തോട് പ്രതിപത്തിയുള്ള നോവലിസ്റ്റ് ഇറക്കുമതി ചെയ്ത സാഹിത്യസിദ്ധാന്തങ്ങളില്‍നിന്ന് കരുതലോടെ അകലംപാലിച്ചുകൊണ്ട് സത്യാന്വേഷണത്തോട് നിരുന്മേഷമായൊരു സമത കൈക്കൊള്ളുന്നു.
ഖസാക്കിന്റെ ഇതിഹാസത്തെ അസാധാരണമാക്കുന്നത് അതിന്റെ ഭാഷയാണ്. പദധ്യാനമെന്ന അധ്യായത്തില്‍ മലയാളഭാഷ തനിക്ക് മെരുങ്ങിയിട്ടില്ലെന്ന് തുറന്നെഴുതുന്ന നോവലിസ്റ്റ് തനിക്ക് ലഭ്യമായ വ്യക്തിഭാഷയെ സമര്‍ത്ഥമായി ഉപയോഗിച്ചു. പാലക്കാടന്‍ ഈഴവഭാഷാഭേദവും മൂലഗ്രാമത്തിലെ പാലക്കാടന്‍ രാവുത്തരുടെ ന്യൂനപക്ഷഭാഷയും ഇടകലര്‍ന്ന ഒരു ഉപഭാഷയാണ് നോവലില്‍ കാണുന്നത്. സംഭാഷണങ്ങള്‍ക്ക് ഏറെ ഇടം കൊടുത്തിരിക്കയാല്‍ മാനകഭാഷയില്‍ ആഖ്യാനം ചെയ്യേണ്ടിവരുന്നത് വളരെ ചുരുക്കമായാണ്. ഭാഷയെക്കാള്‍ ആഖ്യാനംചെയ്യപ്പെടുന്ന ജീവിതവും അതിന്റെ അസാധാരണമായ ഭാവമണ്ഡലവും ഉള്‍ക്കൊള്ളാന്‍ ആ ജൈവഭാഷ സമര്‍ത്ഥമാണുതാനും.
ഒ.വി.വിജയന്‍ ജന്മനാ ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. കര്‍മ്മരംഗത്ത് അനുസന്ധാനം ചെയ്ത ആ കുശലത സാഹിത്യരചനയിലും അനര്‍ഗ്ഗളമായി പ്രകാശിപ്പിച്ചിട്ടുള്ളത് ഖസാക്കില്‍ ആപാദചൂഢം അനുഭവിക്കാം. കഥാപാത്രസങ്കല്പത്തിലും സംഭവങ്ങളുടെയും അവയുടെ പരിണാമങ്ങളിലും ആഖ്യാനത്തിലുമൊക്കെ ജന്മസിദ്ധമായ ഈ വൈഭവം മിന്നിത്തിളങ്ങുന്നു. നോവലിനെ ആകെ പൊതിഞ്ഞുനില്ക്കുന്ന ആ ഭാവം ആസ്വദിക്കാതിരുന്നാല്‍ ഖസാക്ക് വായന അപൂര്‍ണ്ണമാവുമെന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.
പാലക്കാട് നഗരത്തില്‍നിന്ന് ആറേഴു കിലോമീറ്റര്‍മാത്രം ദൂരമുള്ള ഖസാക്കിന്റെ മൂലഗ്രാമം മലയാളത്തിലെ സാഹിത്യപ്രേമികളെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒരു സാംസ്‌ക്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്. ഒരെ ഴുത്തുകാരനോടുള്ള ജനതയുടെ ആദരവും ഇഷ്ടവും മൂര്‍ത്തീകരിക്കപ്പെട്ട സമുചിതമായൊരു സ്മാരകത്തിനാണ് കേരളസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. നിരവധി പ്രത്യേകതകളുള്ള ഒരു സ്മാരകം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ