2021 ജൂലൈ 3, ശനിയാഴ്‌ച

2020 ഡിസംബർ 31, വ്യാഴാഴ്‌ച

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ബാബേൽഗോപുരം


സാമൂഹ്യജീവികളാണ് നാം. നമുക്കുചുറ്റും നിരവധി പേർ, നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരുമായി നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. നാമറിയുന്ന ചിലരെ ഓർത്തുനോക്കൂ. വളരെആകർഷകമായി ഉടുത്തൊരുങ്ങി നടക്കുന്നവർ, ആരെയും ആകർഷിക്കുന്ന ശരീരസൌന്ദര്യമുള്ളവർ . അങ്ങനെയങ്ങനെ വിവിധ തരത്തിലുള്ളവർ.നമ്മെ ആകർഷിക്കുന്ന പലരും വ്യത്യസ്തരാകുന്നത് അവരുടെ സംഭാഷണ ചാതുര്യം കൊണ്ടാകാം. വളരെ അനായാസത്തോടെ വാക്കുകളുപയോഗിച്ച് മധുരമായി സംസാരിക്കുന്നവരെ ഓർമ്മിച്ചുനോക്കൂ. അങ്ങനെ വിശിഷ്ടമായ ഒരു ഭാഷ ഉപയോഗിക്കാൻ.എല്ലാവർക്കും കഴിവില്ലെങ്കിലും ആകർഷകമായ വ്യക്തിത്വത്തിൻറെ പ്രധാനപ്പെട്ട ഒരു ഘടകം ഭാഷകൊണ്ട് അപരനെ വശീകരിക്കാൻ ആവുന്നതു തന്നെയാണ്. മനുഷ്യൻ സാമൂഹ്യജീവിയായതും. മറ്റുജീവജാലങ്ങളെക്കാൾ ശ്രേഷ്മാഠമായതും ഭാഷയെന്ന അത്ഭുത സിദ്ധിയിലൂടെയാണ്. അനായാസമായി നിത്യവും വ്യവഹരിച്ചുപോരുന്നതുകൊണ്ട് നമ്മുടെ ഈ സവിശേഷമായ സിദ്ധിയെക്കുറിച്ച് നാം അധികം ആലോചിക്കാറില്ല. എവിടെനിന്നാണ് ഇങ്ങനെ ഒരു ശക്തി മനുഷ്യന് ലഭ്യമായത് എന്നതുമായി ബന്ധപ്പെട്ട് ഓരോ സമൂഹവും അതതിൻറെ ഉൽപ്പത്തിക്കഥകളിൽ ചിലതു സങ്കല്പിക്കാറുണ്ട്, ഇവിടെ ഭാഷയുമായി ബന്ധപ്പെട്ട ഒരു ബൈബി‍ൾ കഥ പറയാം. അത്ഭുതകരമായ ഒരു ഗോപുരത്തിൻറെ കഥയാണത്. , ബാബേൽ ഗോപുരത്തിൻറെ കഥ. നമ്മളെല്ലാവരും നന്മ ചെയ്യാനാഗ്രഹിക്കുന്നവരും സ്വർഗ്ഗത്തെക്കുറിച്ച് അഭിലാഷമുള്ളവരുമാണ്. പ്രാചീന മനുഷ്യരും അങ്ങനെയുള്ളവർ തന്നെ. അജ്ഞതകൊണ്ട് മനുഷ്യന് പറ്റിയ ഒരബദ്ധമാണല്ലോ പറുദീസാ നഷ്ടം. വിയർപ്പും വിശപ്പും സഹിച്ചു ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിന് ഒരിക്കൽ ഒരു തോന്നലുണ്ടായി, തങ്ങളുടെ കഴിവ്കൊണ്ടു തന്നെ, നഷ്ടപ്പെട്ടുപോയ ആ ദിവ്യമായ സ്വർഗ്ഗത്തെ തിരിച്ചുപിടിക്കണമെന്ന്. തുടർന്ന് അവരെല്ലാവരും ചേർന്ന്.നിശ്ചയിച്ച്, ബാബിലോണിയയുടെ പരിസരത്തുള്ള ഹലാൻകുന്നിൽ നിന്നും.സ്വർഗ്ഗത്തിലേക്ക് വലിയോരു ഗോപുരത്തിൻറെ പണി ആരംഭിച്ചു.അത്യുത്സാഹത്തോടെ എന്നും അവർ കല്ലും മണ്ണും ചുമന്ന് ബാബേൽ എന്ന ആ മഹാഗോപുരത്തിൻറെ നിർമ്മാണത്തിൽ ഏർപ്പെട്ടുപോന്നു. ഓരോ ദിനവും സന്ധ്യയാവുമ്പോൾ അന്നത്തെ പണിയിൽ ആനന്ദംപൂണ്ട് അവർ പ്രതീക്ഷയോടെ അടുത്ത പ്രഭാതത്തിനായി കാത്തു. തുടർന്നും വർദ്ധിച്ച ഉത്സാഹ ത്തോടെ അടുത്ത ദിനവും ഗോപുരനിർമ്മാണത്തിൽ മുഴുകി. ദിനന്തോറും തങ്ങൾ സ്വർഗ്ഗത്തിന് അടുത്തുടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അവർ ആഹ്ളാദിച്ചു. ഒരു ശാപം നിമിത്തമാണല്ലോ ദൈവസന്നിധിയിൽ നിന്നും അകറ്റപ്പെട്ടത്, മാത്രമല്ല അന്നന്നാളത്തെ അപ്പത്തിനായി അദ്ധാനിച്ച് വിയർപ്പൊഴുക്കേണ്ടതായും വന്നു. പശ്ചാത്താപവും.ദൈവസന്നിധിയിലെത്താനുള്ള ആവേശവും പ്രതിദിനംവർദ്ധിച്ചുവന്നു, പണി യിലുള്ള ഉത്സാഹവും. എന്നാൽ ഇതൊക്കെയും ദൈവവും ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യൻറെ അത്യാർത്തിയിൽ രോഷം പൂണ്ട ദൈവം പെട്ടെന്നൊരു ദിവസം ഗോപുരത്തെ തകർത്തുകളഞ്ഞു, മാത്രമല്ല എല്ലാമനുഷ്യരും ഒരു ഭാഷയിൽ ആശയവിനിമയം നടത്തുന്നതു കൊണ്ടാണ് ഒരുമയോടെ ഈ പണിയിൽ ഏർപ്പെടാനായതെന്ന് മനസ്സിലാക്കി, മനുഷ്യരുടെ ഭാഷയെയും കലക്കിക്കളഞ്ഞു. ഹവ്വ പെറ്റ മക്കളുടെ ഭാഷ അങ്ങനെ പലതായി മാറി. പല മനുഷ്യരും പല താൽപ്പര്യങ്ങളുമായി. പലേടത്തേക്ക് പരന്ന് വിയർപ്പൊഴുക്കി അന്നം തേ ടുന്ന മനുഷ്യരുടെ ഒരുമയാണ് ബാബേൽ. ആ ശക്തമായ ഐക്യമത്യത്തെ പിന്നീടൊരിക്കലും തിരിച്ചുകൊണ്ടുവരാൻ മനുഷ്യരാശിക്ക് കഴിഞ്ഞിട്ടില്ല.ബൈബിളിലെ ബാബേൽഗോപുരത്തിൻറെ കഥ നമ്മുടെഭാഷാവൈവിദ്ധ്യത്തിൻറെ കഥയുമാണ്. ലോകമെമ്പാടും ആയിരക്കണക്കിന് ഭാഷകളുണ്ട്,ഓരോ മനുഷ്യസമൂഹവും സ്വന്തമായ ഒരു ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു. അറിവും ചിന്തയും സംസ്ക്കാരവുംഅവരവരുടെ ഭാഷകളിൽ സംഭരിച്ചുവെച്ചും ചിന്താശക്തി ഉപയോഗിച്ച് അറിവു വികസിപ്പിച്ചും അപര നുമായി സംവദിച്ചുമാണ് ഭൂമുഖത്ത് ഇത്രയും വിജിഗീഷുവായി മനുഷ്യൻ വിരാജിക്കുന്നത്. ഭാഷയില്ലാത്ത ലോകം ഇരുട്ടിൻറേതാണ്, അജ്ഞതയുടേതാണ്. കഴിയാവുന്നിടത്തോളം നമ്മുടെ ഭാഷാശേഷി വികസിപ്പിക്കുവാൻ നാം ശ്രമം നടത്തേണ്ടതുണ്ട്.

ഭാഷയുടെ നാനാർത്ഥങ്ങൾ

 ഭാഷയോട് ഉപാസനയോടൊപ്പമെത്തുന്ന വിനീതഭാവം എല്ലാ സംസ്‌കാരങ്ങളും കാത്തുപോരുന്നുണ്ട്. വചനത്തെ ആദ്യവെളിപാടായിക്കാണുന്ന ബൈബിള്‍ സങ്കല്‍പ്പം പോലെത്തന്നെ പ്രപഞ്ചസ്രഷ്ടാവിന്റെ പൊന്നോമനപ്പുത്രിയായ സരസ്വതിയെ വാണീദേവിയായി പ്രാചീനഭാരതവും ഉപാസിച്ചു. ആത്മാര്‍ത്ഥമായ ഈ ഉപാസനയോടുള്ള താദാത്മീകരണമാവട്ടെ മനുഷ്യന്റെ സര്‍ഗ്ഗാത്മതയോടൊപ്പം വികസിച്ച ്ആത്മീയതയിലൊതുങ്ങാതെ സാധാരണവ്യവഹാരത്തിലേക്കും വ്യാപിച്ചു കിടക്കുന്നതായിക്കാണാം.

മനുഷ്യനെ വിസ്മയിപ്പിച്ച സവിശേഷമായൊരു ചോദനയാണ് ശബ്ദശക്തി. തന്റെയുള്ളില്‍ നിന്നും പൊട്ടിയൊഴുകുന്ന നാദപ്രവാഹത്തെ ആത്മഹര്‍ഷത്തിന്റെയും വൈകാരികാനുഭൂതികളുടേയും ഭൗതികമാത്രമായ പ്രകടനമായി ചുരുക്കുകയായിരുന്നില്ല പ്രാചീനസംസ്‌കൃതികള്‍. അതിലെ ദിവ്യത്വത്തെ, വിസ്മയത്തെ അംഗീകരിച്ചുകൊണ്ടുതന്നെ സാമൂഹ്യമായ ഉപകരണമാക്കി ജീവിതത്തിനു പ്രയോജനപ്പെടുത്തുകയും അതിലൂടെ തന്റെതന്നെ പരിമിതികളെ ജയിക്കുകയും കൂടിയായിരുന്നു. അഗ്‌നിയുടെ കണ്ടെത്തല്‍ പോലെത്തന്നെ ഭാഷ യുടെ കണ്ടെത്തലും മനുഷ്യാതിജീവനത്തെ അതിശയകരമായവിധത്തില്‍ മുന്നോട്ടുനയി ച്ചിട്ടുണ്ട്. കാരണമന്വേഷിച്ച് പരാജയപ്പെട്ട ദൈവികതയെപ്പോലെയല്ല ഭാഷാസിദ്ധിയോട് മനുഷ്യന്‍ പ്രതികരിച്ചത്. നാദോപാസനയെ ദിവ്യമാക്കുന്നതോടൊപ്പം നാദപ്രയോഗത്തെ സാമൂഹ്യജീവിതത്തിനുതകുന്ന, സംഘംചേരലിന് ഉതകുന്ന, ഫലപ്രദമായൊരു ഉപകരണവുമാക്കി. ഭാഷയെന്ന സങ്കീര്‍ണ്ണമായ ഈ ആയുധം പ്രകൃതിയോട് നിലനില്പിനായി ഏറ്റുമുട്ടുന്ന ജീവി എന്ന നിലയില്‍ മനുഷ്യന് എത്രമാത്രം പ്രയോജനപ്പെട്ടു എന്ന അന്വേഷണമാണ് സാമൂഹ്യശാസ്ത്രത്തിന്റെ സിംഹഭാഗവും കാണാവുന്നത്. സാമൂഹ്യചരിത്രത്തോടൊപ്പം മനുഷ്യധൈഷണികതയുടെയും, വൈജ്ഞാനിക സമ്പത്തിന്റെ നിര്‍മ്മാണത്തിലും സംഭരണത്തിലും ഭാഷ വഹിച്ചപങ്കും അത്ഭുതാവഹമാണ്. പ്രാണവായു ബഹിര്‍ഗ്ഗമിക്കുമ്പോള്‍ ശ്രവിക്കുന്ന ഉച്ചരിത ശബ്ദത്തെ സങ്കേതവല്ക്കരിച്ച് സ്വന്തം താല്പ്പര്യങ്ങളെ അപരന് പകരുന്ന, അതോടൊപ്പം അപരന്റെ മനോഗതം മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷധരു അത്ഭുതസിദ്ധി തന്നെയാണ്. വാക്ക് മനസ്സാണ്, ചിന്തയാണ്. ഒരനുഭവത്തിന്റെ ഓര്‍മ്മയില്‍ പ്രതിഭാശക്തി മനനം കൊള്ളുമ്പോള്‍ ചിന്ത ഉണരുകയായി. ചിന്ത സൂക്ഷ്മാവയവങ്ങളിലൂടെ കര്‍മ്മേന്ദ്രിയങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ് പ്രവൃത്തി. പ്രവൃത്തികൊണ്ടാണ് കാണായ ദൃശ്യപ്രപഞ്ചത്തിലെ വസ്തുക്കള്‍ നിര്‍മ്മിക്കപ്പട്ടത്. അങ്ങനെയാണ് വാക്ക് ദൃശ്യപ്രപഞ്ചം തന്നെയാകുന്നത്. ഒരു വസ്തു ഒരാശയത്തിന്റെ നിഴലാണെന്ന അരിസ്റ്റോട്ടിലിന്റെ ചിന്തയും വാക്ക് ബ്രഹ്മം ആണെന്ന വാദവും ഇങ്ങനെ യുക്തിസഹമാകുന്നു.

ഋക് വേദത്തില്‍ മനുഷ്യനു ശബ്ദശക്തി ലഭിച്ചതിനെക്കുറിച്ച് അതിഗഹനമായ ഒരു സങ്കല്പമുണ്ട്. നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിചിത്രമായൊരു ഋഷഭത്തിന്റെ രൂപത്തില്‍ മനുഷ്യരിലേക്ക് ശബ്ദശക്തി പ്രവേശിച്ചു. ആ ഋഷഭമാവട്ടെ രണ്ടുമുഖങ്ങളും മൂന്നുപാദങ്ങളും ഏഴുഹസ്തങ്ങളോടും കൂടിയതാണ്. മൂന്നിടത്ത് ബന്ധിതവുമാണ്.

‘ചത്വാരിശൃംഗാ ത്രയോ അസ്യ പാദാ:

ദ്വേ ശീര്‍ഷേ സപ്താഹസ്താസോ അസ്യ

ത്രിധാ ബദ്ധോ വൃഷഭോ രോരവിതീ

മഹാദേവോ മര്‍ത്യാന്‍ ആവിവേശ’ 

                                         (ഋക് വേദം)     വിചിത്രമായ ഈ ഋഷഭമാകട്ടെ ഭാരതീയമായ ഭാഷാസങ്കല്പത്തിന്റെ ആകെത്തുകയുമാണ് എന്നത് കൌതുകകരമാണ്. ശബ്ദത്തിന്റെ രണ്ടു പ്രകാരങ്ങളാണ് ധ്വനിയും അര്‍ത്ഥവും. നിത്യശബ്ദമെന്നും കാര്യശബ്ദമെന്നും പറയുന്ന സൂചകവും സൂചിതവുമാണവ. നാലുകൊമ്പുകളെന്നത് ചത്വാരി പദജാതി എന്ന ധാരണയിലുള്ള നാമം, കൃതി, ഉപസര്‍ഗം, നിപാതമെന്നീ പദജാതികള് തന്നെ. മൂന്നു പാദങ്ങള്‍ ത്രികാലങ്ങലും ഏഴു ഹസ്തങ്ങള്‍ വിഭക്തികളുമാണ്. ഭാഷാശരീരത്തിന്റെ സമഗ്രരൂപമാണീ ഋഷഭമെന്ന് വ്യക്തം. ആകാശത്തുനിന്ന് ഈ ദേവന്‍ മനുഷ്യരിലേക്ക് സദാ ശബ്ദിച്ചുകൊണ്ട് പ്രവേശിച്ചു. ആകാശമാണല്ലോ ശബ്ദത്തിന്റെ പ്രഭവമണ്ഡലം. ശബ്ദബ്രഹ്മമെന്ന സങ്കല്പം വേദാന്തത്തിലെ മായാദര്‍ശനത്തിനു തുല്യമാണ്. ബ്രഹ്മം സത്യമാണെങ്കിലും അത് കേവലം വിവര്‍ത്തനം മാത്രമാണ്. ഇരുട്ടത്തുകിടക്കുന്ന കയറിനെ പാമ്പായി കാണല്‍, ഇരുട്ടു മാറുന്നതു വരെയുള്ള തോന്നല്‍. ബ്രഹ്മമെന്ന പ്രപഞ്ചത്തെയും അവിദ്യകൊണ്ട് ലോകമായി വിവര്‍ത്തനം ചെയ്തിരിക്കുന്നു. സത്യമായ ബോധത്തില്‍ വിവര്‍ത്തനമവസാനിക്കുന്നു എന്ന് മായാവാദം. ഭാരതത്തിലെ പ്രാചീന മനീഷികള്‍ ദര്‍ശനവൈവിദ്ധ്യമനുസരിച്ച് വാക്കിന്റെ യുക്തികളെ അന്വേഷിച്ചു. പ്രശസ്തമായ ഗായത്രീമന്ത്രം സവിതാവും സാവിത്രിയുമായി, നിത്യദമ്പതികളായി മനസ്സിനേയും വാക്കിനേയും കണ്ടു. പരമേശ്വരന്റെ കയ്യിലെ ഢക്കയുടെ നാദമായാണ് ശൈവവാദം ശബ്ദോല്പത്തിയെ അവതരിപ്പിച്ചത്. മറ്റൊരു ദാര്‍ശനികനായ ഭര്‍തൃഹരി ശബ്ദബ്രഹ്മമെന്ന സങ്കല്പത്തിലൂടെ പപഞ്ചോല്പത്തിയെത്തന്നെ ശബ്ദശക്തിയുമായി ബന്ധിപ്പിച്ചു. പരാ,മധ്യമാ,വൈകൃതാ എന്നീ ശബ്ദഭേദം കേവലദര്‍ശനമായല്ല, തികച്ചും നൂതനമായ ശാസ്ത്ര സിദ്ധാന്തമായിത്തന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ശ്രുതമായ വേദത്തെ സാധുവാക്കുന്ന ഷഡംഗങ്ങളിലൊന്നായ വ്യാകരണത്തെ ഏറ്റവും ഉന്നതമായ ധൈഷണിക സിദ്ധിയായാണ് ഭാരതീയ പൈതൃകം ആദരിച്ചുപോന്നത്. മനുഷ്യന്റെ നിത്യവ്യവഹാരിന്റെ ഭാഗമാണെങ്കില്‍പ്പോലും ഭാഷയെ ആത്മീയമായൊരു പരിവേഷത്തിലൂടെയാണ് വീക്ഷിച്ചുപോന്നതും.

‘ഏകഃശബ്ദഃസമ്യഗ് ജ്ഞാത സുഷ്ഠു പ്രയുക്തഃ സ്വര്‍ഗ്ഗേലോകേ കാമധുഗ്ഭവതി’ എന്ന ശ്രുതിവചനമാണ് ഭാഷയുടെ ശ്രേഷ്ഠതയെ സംബന്ധിച്ചുള്ള മറ്റൊരു ചിന്ത. ഒരു ശബ്ദം ശരിയായി അറിഞ്ഞ് ശരിയായി പ്രയോഗിക്കുമ്പോള്‍ അയാള്‍ സ്വര്‍ഗ്ഗം പൂകി, അഭീഷ്ഠങ്ങളനുഭവിക്കുന്നവനാകുമെന്നതാണ് ഈ ശ്രുതിവചനത്തിന്റെ താല്പ്പര്യം. ഭാരതത്തില്‍ മാത്രമല്ല പടിഞ്ഞാറും പ്രാചീന സംസ്‌കാരങ്ങള്‍ഭാഷയോട് ദൈവികമായൊരു പവിത്രത കാണിക്കുന്നു. ബൈബിളിലെ വചനം എന്ന സങ്കല്പം വളരെ ശ്രദ്ധേയമാണ്.’ആദിയില്‍ വചനമുണ്ടായി, വചനം ദൈവമായിരുന്നു’ എന്ന കല്പന ഏറെ അര്‍ത്ഥഗര്‍ഭമാണ്.

‘In the beginning was the word, and the word was with God, and the word was GOD’. എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളിലും ഭാഷയെ ഇങ്ങനെ ദിവ്യവല്‍ക്കരിക്കുന്നുണ്ട്. ദൈവത്തിന്റെ സൃഷ്ടിയില്‍ എല്ലാവര്‍ക്കും ഒരേ ഭാഷയായിരുന്നു. ബാബേല്‍ ഗോപുരം പണിത് സ്വഗ്ഗത്തിലെത്താന്‍ ആഗ്രഹിച്ചതിന്റെ ശിക്ഷയായി ദൈവം മനുഷ്യന്റെ ഭാഷയെ കലക്കിക്കളഞ്ഞുവെന്ന സങ്കല്പം ആദിപാപം പോലെ ശക്തമായൊരു മിത്താണ്. ഭാഷയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഇങ്ങനെ ആത്മീയതയുടെ അപാരതയിലേക്ക് പോവുന്നത് മനുഷ്യഭാഷയുടെ സ്വഭാവത്തിലുള്ള സങ്കീര്‍ണ്ണത കൊണ്ടാണല്ലോ. ഇത്രയും ശാസ്ത്രീയമായ അന്വേഷണങ്ങളൊക്കെ സാദ്ധ്യമായിട്ടും ഭാഷോല്പത്തിയുടെ കാര്യത്തിലുള്ള അവ്യക്തത നീങ്ങിയിട്ടില്ല. എന്നാല്‍ എല്ലാ മനുഷ്യന്റെയും വാഗിന്ദ്രിയങ്ങളിലൂടെ വൈകൃതമായി ധ്വനിക്കുന്ന വാച്യമായ ശബ്ദം, അകത്തെ ബുദ്ധിയുടെ പ്രതികരണമാണെന്നറിയാന്‍ ആത്മവിദ്യയൊന്നും ആവശ്യമില്ല. വചിക്കപ്പെട്ട വാക്കില്‍ സൂചിതമായ അര്‍ത്ഥമാണ് കാണായ വസ്തുക്കളൊക്കെയും. രൂപമുള്ളവയെപ്പോലെ മൂര്‍ത്തമല്ലാത്ത അമൂര്‍ത്തതകളേയും വഹിക്കാന്‍ വാക്കിനു കഴിയുന്നത് വാക്ക് പ്ലാസ്മ പോലെ രൂപമില്ലാത്തൊരു ശക്തി മാത്രമായതു കൊണ്ടാണ്. വാക്ക് ഉണ്ട് എന്നാല്‍ അതിനു സ്വരൂപമോ ശരീരമോ ഇല്ല .അത് പ്രതിപ്രവര്‍ത്തനശേഷിയുള്ളതാണ്. വക്താവില്‍ നിന്ന് ഉറന്നൊഴുകി ശ്രോതാവില്‍ ബോധമുണര്‍ത്തി പ്രവര്‍ത്തനസജ്ജമാക്കുന്ന ശക്തിയാണത്. വക്തൃശ്രോതാക്കള്‍ ഒരേ നിലയിലാകണമെന്നു മാത്രം. ഈ നില സമൂഹത്തിന്റെ സംഭാവനയാണ്. വക്താവിന്റെ വാക്ക് ശ്രോതാവില്‍ സാഫല്യമടയുന്നത് ഇരുവരും ഒരേ യത്‌നത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ പങ്കാളികളായിക്കൊണ്ടാണ്. പൂര്‍വ്വനിശ്ചിതവും വ്യവസ്ഥാപിതവുമായ ഭാഷാചിഹ്നം വക്താവ് ഉല്പാദിപ്പിച്ചാലെ ശ്രോതാവിന് പൂര്‍വ്വസംസ്‌കാരംകൊണ്ട് അതിന്റെ താല്‍പ്പര്യം കൈവരിക്കാനാവൂ. വക്താവും ശ്രോതാവും കൈമാറ്റം ചെയ്യുന്ന ശബ്ദമാകട്ടെ, അതിലെ സൂചകമാകട്ടെ സമൂഹത്തിന്റെ സംഭാവനയുമാണ്. അവരിരുവരും അതേ സമൂഹത്തിലെ അംഗങ്ങളായിക്കൊണ്ട് ആര്‍ജ്ജിച്ചവയുമാണ്. സാമൂഹ്യവികാസമുണ്ടാവുകയും അധികാരത്തിന്റെയും സ്ഥാപിതതാല്പര്യങ്ങളുടേയും മറവില്‍ ശ്രേണീകരണവുണ്ടാവുകയും സംഭവിച്ചതോടെ വാക്കിന്റെ നിഗൂഢശക്തിയെ ഉപാസിക്കുവാനും സാമാന്യജനത്തെ അതില്‍ നിന്നകറ്റി രഹസ്യാത്മകതയും മന്ത്രസിദ്ധിയും സ്ഥാപിച്ചെടുക്കാനും ശ്രമമുണ്ടായി.ഉപാസനകളും പൂജാദിതന്ത്രങ്ങളും വാക്ക് ശക്തിയുടെ ദിവ്യതയുടെ പരിധിയിലായി. സാധാരണ മനുഷ്യരുടെ വാഗിന്ദ്രിയങ്ങള്‍ക്കു വഴങ്ങുന്നവയാണെങ്കില്‍പ്പോലും മന്ത്രങ്ങളും ദൈവവചനങ്ങളും കൈകാര്യം ചെയ്യുന്ന ഉന്നതശ്രേണി രൂപംകൊണ്ടു. ദേവഭാഷയും പ്രാകൃതങ്ങളും വേര്‍തിരിക്കപ്പെട്ടു. സാമൂഹ്യഘടനയുടെ വ്യവസ്ഥാപനത്തില്‍പ്പോലും ഭാഷാന്തരം നിര്‍ണ്ണായകമായി. ആചാരഭാഷയും രഹസ്യഭാഷയുമൊക്കെ നിലവില്‍ വരുകയും ചെയ്തു. ലൗകികഭാഷ അതിന്റെ സ്വാഭാവിക രീതിയില്‍ വളര്‍ന്നു വികസിച്ച് സാഹിത്യരൂപങ്ങളും കലാവിഷ്‌കാരങ്ങളുമായെങ്കിലും അതിലെ ഒരു തലം സ്‌തോത്രനിര്‍മ്മിതിക്കും ഉപാസനാ മന്ത്രങ്ങളുടെ നിര്‍മ്മിതിക്കുമായി ദിവ്യവല്‍ക്കരിക്കപ്പെടുകയും സാമാന്യവ്യവഹാരത്തില്‍ നിന്നും ഭിന്നമായ ദിവ്യപരിവേഷം ലഭ്യമാവുകയുമുണ്ടായി. ഭാഷോപാസന, ദിവ്യമൂര്‍ത്തിയുമൊക്കെ ഇത്തരം സ്ഥാപനവല്‍ക്കരണത്തിന്റെ വിവിധഘട്ടങ്ങളില്‍ നിര്‍മ്മിച്ചെടുത്തവയാണ്. മനുഷ്യസാമാന്യത്തിന്റെ സ്വത്ത് സാമൂഹ്യഘടന സ്വകാര്യാധിപത്യത്തിനായി ദുരുപയോഗം ചെയ്താണ് ഭാഷയുടെ ദിവ്യതലം രൂപപ്പെടുത്തിയത്. അത് ക്രമേണ ദുഷിച്ചതാണ് മധ്യകാലത്തിലെ ഭാഷാസാഹിത്യത്തില്‍ കാണുന്നത്. വേദങ്ങളില്‍ നിന്നാരംഭിച്ച് ഉപനിഷത്തുക്കളും പുരാണങ്ങളുമായി ദിവ്യവല്‍ക്കരിച്ച ഭാഷ പിന്നീട് ഭക്തിസാഹിത്യവും പ്രാദേശികസാഹിത്യവും ആധുനികസാഹിത്യവുമായി സാധാരണീകരിക്കപ്പെട്ടു.

    ഭാഷയെ അപഗ്രഥിക്കുന്ന സാമ്പ്രദായിക മാര്‍ഗ്ഗമാണ് വ്യാകരണം. അത് ഒറ്റയൊറ്റ ഭാഷകളുടെ വ്യവസ്ഥയെ നിര്‍ദ്ധാരണം ചെയ്യുന്നു. പില്ക്കാലത്ത് താരതമ്യവും ഇതര വൈജ്ഞാനിക രീതികളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷാശാസ്ത്രം വികസിച്ചു. ധൈഷണികതയുടെ എല്ലാദിശകളിലേക്കും വ്യാപിച്ച ഭാഷാചര്‍ച്ച പിന്നീട് മനുഷ്യചിന്തയുടെ സര്‍വ്വമേഖലകളിലും സ്വാധീനം ചെലുത്താന്‍ പ്രാപ്തമായ ജ്ഞാനരൂപമായി.സമൂഹത്തിന്റെ വിഭാജക ഘടകങ്ങളൊക്കെയും ഭാഷയുടേതും കൂടിയാണ്. രാഷ്ട്രഭാഷ, ദേശ്യഭാഷ, മാതൃഭാഷ, വ്യക്തിഭാഷ തുടങ്ങിയ വിവിധങ്ങളായ തരംതിരിവുകള്‍ ഭാഷയുടെ സാമൂഹ്യവ്യാപനവുമായി ബന്ധപ്പെട്ട് വൈവിദ്ധ്യം പ്രദര്‍ശിപ്പിക്കുന്നു. വരമൊഴിയും വാമൊഴിയും എന്നതുപോലെ സ്ത്രീഭാഷയും കുട്ടികളുടെ ഭാഷയും വരെ പ്രസക്തമാണ്. ഇന്ത്യന്‍ സമൂഹം ജാതീയമായി വേര്‍തിരിഞ്ഞിട്ടുള്ളതുകൊണ്ട് ഓരോ ജാതി, മത, വര്‍ഗ്ഗ സമൂഹത്തിനും അവയെ അടയാളപ്പെടുത്തിക്കൊണ്ട് വ്യാവഹാരികഭാഷയുണ്ട്. ഭാഷ ആശയവിനിമയത്തിന്റെ ഉപകരണമാണ് എന്നതിനോടൊപ്പം സംസ്‌കാരവാഹകവുമാണ്. ഓരോ ജനസമുഹവും ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും രേഖപ്പെടുത്തി, സംഭരിച്ച് തലമുറകളിലേക്ക് വിനിമയം ചെയ്യുന്ന ധര്‍മ്മം വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. യുദ്ധങ്ങളല്ല, ഭാഷകളാണ് സമൂഹഹനനത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന യുക്തിക്ക് ഇന്ന് പ്രചാരമുണ്ട്. മരിച്ചു പോകുന്ന ഭാഷകളിലൂടെ സംസ്‌കൃതികളും, സാമൂഹ്യാനുഭവങ്ങളും മണ്‍മറയുന്നു. മനുഷ്യന്‍ സാംസ്‌കാരിക ജീവി ആകുന്നതുപോലെ സര്‍ഗ്ഗാത്മകത മാനവീയതയുടെ പ്രത്യക്ഷലക്ഷണമാണ്. അക്ഷരകലയെ എല്ലാ സമൂഹവും ആരാധിക്കുന്നുണ്ട്. സാഹിത്യം ഭാഷയിലൂടെയുള്ള സൗന്ദര്യ നിര്‍മ്മിതിയാണ്. വെറും ശബ്ദപ്രകടനമെന്ന നിലയില്‍ നിന്നും മധുരിക്കുന്ന ഭാഷാപ്രകടനം നടത്താനും, വിശേഷനിര്‍മ്മിതികളെ സംരക്ഷിച്ച് എഴുതി സൂക്ഷിക്കാനും അതിലൂടെ ചിന്തയെ വികസിപ്പിക്കാനും കഴിഞ്ഞത് മാനവീയതയുടെ ശ്രദ്ധേയമായ വിജയം കൂടിയാണ്. ഭാഷാപഗ്രഥനത്തിന്റെ ഏറ്റവും ആധുനികവും ഏറെ ധൈഷണികവുമായ മറ്റൊരുതലം വ്യവഹാരത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ഭാഷ അധികാരസ്വരൂപമാണ്. അധികാരവാഹനവും ഉപകരണവുമാണ്. നിരുപദ്രവകരമെന്നു തോന്നാമെങ്കിലും ഏതു സന്ദര്‍ഭത്തിലെ ഭാഷാപ്രയോഗത്തിലും അധികാരവ്യവസ്ഥയുടെ ആവിഷ്‌കാരമുണ്ട്. സമൂഹജീവിതത്തില്‍ നിലനില്ക്കുന്ന അധികാരശ്രേണികളെ പ്രകടിപ്പിക്കുന്നത് ബോധപൂര്‍വ്വമോ അല്ലാതെയോ ആവാം. സമൂഹസ്രഷ്ടമായതു കൊണ്ടുതന്നെ അതതു കാലത്തെ അധികാരവ്യവസ്ഥയാണ് ഭാഷയെ നിര്‍മ്മിച്ചത് എന്നതിനാല്‍ ഭാഷാശരീരത്തില്‍ അന്തര്‍ലീനമായ അധികാരത്തിന്റെ അടയാളങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുന്നില്ല. ആ നിലക്ക് ഭാഷാപഗ്രഥനം ഒരു സമൂഹത്തിലെ അധികാരവ്യവസ്ഥിതിയുടെ പഠനം കൂടിയാകുന്നു. ഇന്നത്തെ വ്യാവഹാരിക ഭാഷാശാസ്ത്രം പോലുള്ള ശാഖകള്‍ വ്യവഹാരത്തിലെ അധികാരവ്യവസ്ഥയെ അപഗ്രഥിക്കുന്നതില്‍ ശ്രദ്ധവെക്കാറുണ്ട്.

മലയാളിയുടെ എഴുത്തിന്റെയും വായനയുടെയും ചരിത്രം ആരാഞ്ഞുപോകുന്നത് രസാവഹമാണ്. പൂര്‍വ്വദ്രാവിഡഭാഷയുടെ പൊതുപൈതൃകം തമിഴകത്തിന്റെ സംഘകാലത്തിലേക്ക് നീണ്ടുകിടക്കുന്നുണ്ടല്ലോ. സംഘകാല ദേശത്തെയും സാമൂഹ്യജീവിതത്തെ യും സംസ്‌കാരത്തെയും സാഹിത്യത്തെയും തമിഴനോടൊപ്പം മലയാളിയും പങ്കുവെക്കുന്നുണ്ട്. ഐന്തിണയും തിണകളിലെ സാമൂഹ്യജീവിതവും പോലെ സാഹിത്യവും ആത്മീയതയും നമ്മളിലുണ്ട്. പുറനാനൂറിലും കലിത്തൊകയിലും ചിലപ്പതികാരത്തിലുമൊക്കെ ചേരരാജ്യത്തിന്റെ പങ്ക് ചെറുതല്ല. മൂവേന്തരില്‍ പ്രശസ്തനുമാണല്ലോ ചേരനും. കോലെഴുത്തും വട്ടെഴുത്തുമായി രൂപമെടുത്ത് പാലി ഗ്രന്ഥലിപികളിലൂടെ വളര്‍ന്നാണ് നമ്മളിന്ന് എഴുതുന്ന മലയാള അക്ഷരവടിവ് വ്യവസ്ഥാപിതമായത്. വിനോദങ്ങളും വീരാപദാനങ്ങളും അനുഷ്ഠാനോപാസനകളുമായി നമ്മുടെ സാഹിത്യം വളര്‍ന്നു, പിന്നീടത് പാട്ടും മണിപ്രവാളവും തുള്ളലും ആട്ടക്കഥയുമൊക്കെയായി വികസിച്ചു. പാശ്ചാത്യരുടെ സമ്പര്‍ക്കത്തോടെ ഗദ്യവും ആധുനികങ്ങളായ സാഹിത്യശാഖകളും പ്രചാരത്തിലായി. അനേകം ഗ്രാമസ്വരൂപങ്ങളും അധികാരഘടകങ്ങളുമായി ചിതറിക്കിടന്ന കേരളീയതയെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ മലയാളഭാഷയുടെ മാനവീകരണത്തിലൂടെ കഴിഞ്ഞിട്ടണ്ട്. ഭാഷയുടെ ഈ ധര്‍മ്മം വേണ്ടത്ര സൂക്ഷ്മതയോടെ അപഗ്രഥിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. നിരവധി ഭാഷാഭേദങ്ങളും വാമൊഴി വഴക്കങ്ങളുമുള്ള മലയാളത്തില്‍ മേധാവിത്വം പുലര്‍ത്തിയ ആര്യയെഴുത്തും മണിപ്രവാള ശൈലിയുമാണ് മാനകീകരിക്കപ്പെട്ടത്. പത്തൊമ്പതാം  നൂറ്റാണ്ടിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് നന്ദി പറയാം, മലയാളത്തിന്റെ ഏകോപനത്തിനും മാനകീകരണത്തിനും അതല്ലായിരുന്നെങ്കില്‍ ഈ ഭാഷ ഇന്നത്തെ നിലയില്‍ വികസിക്കുമായിരുന്നോ എന്നും സംശയമാണ്.ഇംഗ്ലീഷ് മീഡിയവും അതിന്റെ കൊളോണിയല്‍ പളപളപ്പും വിട്ടുമാറിയിട്ടില്ലെങ്കിലും മലയാളത്തിന്റെ ഇന്നത്തെ നില തികച്ചും ഭദ്രമാണ്. സൈബര്‍കാലത്തിന്റെ വെല്ലുവിളിക ളത്രയും അഭിമുഖീകരിച്ചുകൊണ്ടുതന്നെ ഒരു ജനതയുടെ ഏതാവശ്യത്തെയും സാക്ഷാത്ക്കരിച്ചുകൊണ്ട് നമ്മുടെ മലയാളം വളരുകയാണ്. അത് ഇനിയും വളരുകതന്നെ ചെയ്യും.

പൗരാണിക മൂലധനം

 പൗരാണിക മൂലധനം

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹങ്ങൾക്കെല്ലാം പുരാതന സംസ്കൃതിയുണ്ട്, ഏറ്റക്കുറച്ചിലുകളോടെ. ആ സംസ്കൃതിയുടെ ഭാഗമായി അവരവർ ആരാധിച്ചു പോരുന്ന വിശിഷ്ടങ്ങളായ ആശയസംഹിതകളുമുണ്ട്. സംസ്കാരജീവിതത്തെ അടയാളപ്പെടുത്തുന്നവയെയും, ആദ്ധ്യാത്മികമായി വഴികാട്ടുന്ന മതഗ്രന്ഥങ്ങളെയും ആദ്യം തന്നെ വേർതിരിച്ചു കാണേണ്ടതാണ്. ജനസംസ്കാരത്തിൻറെ മാർഗ്ഗവും മതപ്രബോധനത്തിൻറെ മാർഗ്ഗവും വ്യതിരിക്തങ്ങളാണ്. മത സംഹിതകളെ മാറ്റിനിർത്തിക്കൊണ്ട്, സംസ്കാരവാഹകങ്ങളായ പുരാണങ്ങ ളെക്കുറിച്ച്, വിശിഷ്യ ഭാരതീയപുരാണങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്യുന്നത്.

            ഭാരതീയസംസ്കാരം ലോകത്തിലെ പ്രാക്തനങ്ങളായ ഗ്രീക്ക്, ഈജിപ്ഷ്യൻ, മൊസോപ്പൊട്ടോമിയൻ സംസ്കാരങ്ങളോട് സമശീർഷകമാണ്. സഹസ്രാബ്ദ ങ്ങളിലൂടെ കടന്നുവന്ന മാനവചരിത്രത്തിൻറെ അനുഭവങ്ങളും സംഭവങ്ങളുമാണ് അതിനെ അടയാളപ്പെടുത്തിയത്. പ്രാചീന ഭാരതവർഷമെന്നത് , ഒരു പക്ഷേ ഏഷ്യാഭൂഖണ്ഡമാകെ വ്യാപിച്ചിരുന്നതായി, കംബോഡിയായിലും ഇന്താനേഷ്യയിലും സുമാത്ര ജാവാ ദ്വീപുകളിലുമൊക്കെ ഇന്നും നിലനിൽക്കുന്ന രാമായണസംസ്കൃതി വ്യക്തമാക്കുന്നുണ്ട്. വൈദിക-ബ്രാഹ്മണ മതങ്ങ ൾക്കു മുമ്പുതന്നെ ഭാരതത്തിൽ ജനവാസം ആരംഭിച്ചിരുന്നതുകൊണ്ടാണല്ലോ ആര്യവംശജർക്ക് ശത്രു പുരങ്ങളെ നശിപ്പിക്കുന്ന പുരന്ദരന്മാരായ ദേവതകളുണ്ടാകുന്നത്. നിഷാദരും കിരാതൻമാരും രാക്ഷസരുമൊക്കെ ബ്രാഹ്മണസംസ്കാരത്തിനു പുറത്തു നിലകൊണ്ടവരാണ്. ബുദ്ധ-ജൈന-ഇസ്ലാം മതങ്ങളുടെ വികാസവും ആശയലോകവുമായി കൊണ്ടുംകൊടുത്തും വികസിച്ച ഭാരതീയസംസ്കാരത്തിൻറെ പിൽക്കാല വികാസമാണ് വൈദികസാഹി ത്യത്തിലും അതിൻറെ പ്രപഞ്ചനം സാദ്ധ്യമാക്കുന്ന ഇതിഹാസപുരാണങ്ങളിലും ദൃശ്യമാകുന്നത്.                 ഭാരതീയപുരാണങ്ങളെ മനുഷ്യ സ്രഷ്ടങ്ങളായിത്തന്നെ സമീപിക്കണം. വിശിഷ്ടങ്ങളായആശയങ്ങളെ പ്രതീകവല്ക്കരിച്ചുകൊണ്ട് രൂപപ്പെട്ട ഒരു ഇതിവൃത്തം, കാലത്തിലൂടെ, ചരിത്രത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് പില്ക്കാലത്ത് ഐതിഹാസികമായ മാനങ്ങൾ ലഭിച്ച് പ്രാക്തനജനതയുടെ സാംസ്ക്കാരിക ജീവിതത്തിൻറെ മഹാഗാഥകളായി പുരാണങ്ങൾ രൂപം കൊണ്ടത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ രാജ്യത്തിലെ രാജകുമാരനായ രാമനെ വിശിഷ്ടനായ അവതാരപുരുഷനാക്കി മാറ്റുന്ന കാവ്യഭാവന, ഇന്നത്തെ രാമായണകാവ്യത്തിലേക്ക് എത്താൻ ഏറെ ദൂരം സഞ്ചരിച്ചിരിക്കണം. മഹാഭാരതത്തിൻറെ കഥയും വ്യത്യസ്തമല്ല. ജനമേജയൻറെ സർപ്പസത്രത്തിൽ വെച്ച് ആഖ്യാനം ചെ യ്യപ്പെടുന്ന ഒരു പുരാവൃത്തമായാണല്ലോ മഹാഭാരതത്തിൻറെ ജനനവും. ഒരേ രാജവംശത്തിലെ രണ്ടു വിഭാഗക്കാർ തമ്മിലുള്ള അവകാശത്തർക്കം ഒഴിവാക്കാനാവാത്ത ഒരു അങ്കത്തിലേക്കു് നീണ്ട ലഘുവായ ഇതിവൃത്തം. എത്രയെ ത്രയോ ഭാവനകളുടെ സൗന്ദര്യാത്മക സന്തർപ്പണത്തിൻറെ ഭാഗമായാണ് ഇന്നത്തെ മഹാഭാരതമായി വികസിക്കുന്നത്.

               പറഞ്ഞുവന്നത് രാമായണമായാലും മഹാഭാരതമായാലും അവ പ്രാഥമികമായി മനുഷ്യനിർമ്മിതികൾ ആണെന്നാണ്. ജനതയുടെ പ്രാചീന ചരിത്ര ത്തിൻറെ പരിമിതമായ പശ്ചാത്തലം വിട്ട് വിവിധ താല്പര്യങ്ങളിലൂടെയും ആശയസംഘർഷങ്ങളിലൂടേയും രൂപമാറ്റം വന്ന സാഹിത്യകൃതികളാണവ രണ്ടും. വാല്മീകി എന്ന കവി നാരദനോട് ശ്രേഷ്ഠനായ നായകനെക്കുറിച്ച് ആരാഞ്ഞപ്പോഴാണല്ലോ നരനായ രാമൻറെ ഇതിവൃത്തത്തിലേക്ക് വന്നെത്തുന്നത്. ശ്രീരാമന് ആദ്ധ്യാത്മികമാനം നല്കുന്ന കൂട്ടിച്ചേർക്കലുകൾ, വിവിധ കാലങ്ങളിലായി സംഭവിച്ചതാണ്. ഇന്ത്യയിൽ നാനൂറിലധികം രാമായണങ്ങ ളുണ്ടെന്നതും രാമായണത്തെപ്പോലെ രാവണായനവുമുണ്ടെന്നതും കൌതുകകരമായ കാര്യമാണ്. ഉത്തമനായ മനുഷ്യൻറെ മൂല്യവത്തായ ജീവിതം ആദ്ധ്യാത്മിക താല്പര്യങ്ങളാക്കിയ അധികാരസ്ഥാപനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്, സങ്കുചിതമായ മതബോധത്തിനകത്ത് രാമായണത്തെ  തളച്ചിട്ടത്  കാണാതെപോവരുത്.    എവിടെയും എക്കാലത്തും ആകർഷകമായ ഉന്നത മാനവീകതയുടെ മൂല്യങ്ങളെ ഭക്തിനിർഭരമായ അനുഷ്ഠാനങ്ങളുടെ ലേബലിലാക്കുമ്പോൾ നൂറ്റാണ്ടുകളിലൂടെ ജനമനസ്സിലും പൊതുഭാവനയിലും പൂർണ്ണത തേടിയഒരു കാവ്യമാർഗ്ഗം ഒരു പ്രത്യേക മതബോധത്തിൻറെ നാലതിരുകൾക്കകത്ത് ഒതുങ്ങിപ്പോകുന്നു. പുത്രകാമേഷ്ഠി യാഗവും, മായാ സീതാ സങ്കല്പവും, സമുദ്രലംഘനവും, സേതുബന്ധനവും വനവാസവുമൊക്കെ മനുഷ്യസാദ്ധ്യമല്ലാത്ത അമാനുഷികതകളെ കൂട്ടിച്ചേർത്ത്, ദൈവിക പരി വേഷം ചാർത്തിയതിൻറേയും വിശ്വാസപരമായ അന്ധത ഉറപ്പിച്ചതിൻറേയും ഭാഗമായി വേണം കാണാൻ. എല്ലാ സമൂഹങ്ങളിലും വരും തലമുറകൾക്ക് മാർഗ്ഗനിർദ്ദേശകങ്ങളും മാതൃകാപരങ്ങളുമായ പുരാവൃത്തങ്ങളുണ്ടാകും. ജനസമൂഹത്തിൻറെ പൊതു അവബോധത്തിൽ, പൂർവ്വസ്മരണയെ പ്രോജ്ജ്വലിപ്പിക്കുന്ന അത്തരം പുരാണങ്ങളെ സ്ഥാപിതതാല്പര്യങ്ങൾ ദുഷ്ടലാക്കോടെ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യനന്മയുടെ കഥ വംശീയ കലാപങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും കാരണമാകുന്നു. അതിൻറെഇന്ത്യൻ പതിപ്പാണല്ലോ അയോദ്ധ്യാപ്രശ്നം.

               എന്തുകൊണ്ടാണ്, മനുഷ്യനാകെ പ്രകീർത്തിക്കുന്ന പൌരാണിക സംസ്കൃതി തന്നെ രക്തചൊരിച്ചിലിൻറേയും കലാപത്തിൻറേയും കൂടി പ്രചോദനമാകുന്നത്? പ്രത്യക്ഷത്തിൽ അതൊരു വൈരുദ്ധ്യമാണല്ലോ. ഇന്ത്യൻ സമൂഹത്തിൻറെ സ്വാഭാവികമായ സവിശേഷതകളിലേക്കാണ്. ഈ പ്രശ്നത്തിൻറെ അപഗ്രഥനം നമ്മെ നയിക്കുക. ‘നാനാത്വത്തിൽ ഏകത്വം‘ എന്നു വിശേഷിക്കപ്പെടുന്ന ഒരു ബൃഹത് സംസ്കാരം രൂപപ്പെടുത്തിയ സങ്കീർണ്ണമായൊരു സാമൂഹ്യഘടനയാണ് നമ്മുടേത്. ഭൂമിശാസ്ത്രപരമായ സവിശേ ഷതകളിൽ നിന്നും രൂപപ്പെട്ട വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും വ്യത്യസ്ത വംശീയതകളുടേയും വൈവിധ്യമാണ് ആദ്യമായും പരിഗണിക്കേണ്ടത്. അതിനുമേലാണ് ‘ഇന്ത്യൻപ്രതിഭാസം’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജാതീയമായ വൈവിധ്യം. മനുസ്മൃതിയിലെ ചാതുർവ്വർണ്യത്തിൽ നിന്നാരംഭിച്ച് ജാത്യാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അരക്കിട്ടുറപ്പിച്ച ജാതീയത നമ്മു ടെ സമൂഹത്തെ എത്രമാത്രം പരസ്പരം അന്യവൽക്കരിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൂടാ. ഇതിനുമേലാണ് മതപരമായ വൈവിധ്യം പ്രവർത്തിക്കുന്നത്. ഇവയേക്കാളേറെ പ്രധാനപ്പെട്ടതാണ് ഇൻഡ്യൻ സമൂഹത്തിലെ സാമൂഹ്യവർഗ്ഗങ്ങളുടെ സ്വാധീനം. സാമ്പത്തികമോ വിദ്യാഭ്യാസമോ മാത്രമല്ല ഇൻഡ്യൻ സാമൂഹ്യവർഗ്ഗങ്ങളുടെ വിഭജനത്തിന് അടിസ്ഥാനം. എന്തായാലും നാനാത്വത്തി ലേകത്വം പ്രഘോഷിക്കുമ്പോഴും ഈ ഏകത്വത്തെ അതിൻറെ പൂർണ്ണമായ അർത്ഥത്തിൽസാക്ഷാത്ക്കരിക്കാൻ നമ്മുടെ ദേശരാഷ്ടനിർമ്മാണത്തിനിടയിലുണ്ടായ പലതരം സാംസ്ക്കാരിക നവോത്ഥാനങ്ങൾക്കും സാദ്ധ്യമായിട്ടില്ല. പുരാണങ്ങളും ആദ്ധ്യാത്മിക സംസ്ക്കാരവും നേതൃത്വം നൽകിയ സംസ്കൃതവൽക്കരണം ഒരുപക്ഷേ ഹിന്ദുസമൂഹത്തിൻറെ നവോത്ഥാനപ്രസ്ഥാനങ്ങ ളിൽ ഒതുങ്ങിപ്പോകുന്നതായിക്കാണാം.പിർക്കാലത്തെ ഭക്തിപ്രസ്ഥാനം സാധാരണജനങ്ങളുടെ സാമൂഹ്യമായ മോചനത്തിൽ പങ്കാളിയാവുന്നുണ്ടെ ങ്കിലും നിലവിലെ സാമൂഹ്യഘടനയെ ആധുനികവൽക്കരിക്കാൻ അത് അശക്തമായിരുന്നു. ബ്രിട്ടീഷ് കോളനിവല്ക്കരണത്തിലൂടെ സാദ്ധ്യമായ പാശ്ചാത്യവൽക്കരണമാണ് ഒരുപരിധിവരെയോങ്കിലും സാധാരണജനങ്ങളെ വിദ്യാഭ്യാസം ചെയ്തുകൊണ്ട് സാമൂഹ്യവ്യവസ്ഥയുടെ യഥാർത്ഥമുഖത്തിനു നേരെ അണിനിരത്തിയത്. പ്രാചീന ഭാരതത്തിൻറെ സാംസ്ക്കാരിക മൂല ധനത്തെ അപകടപ്പെടുത്താനോ ദുർവ്യാഖ്യാനം ചെയ്യാനോ പാശ്ചാത്യവൽ ക്കരണത്തിനു കഴിഞ്ഞിട്ടില്ല. ഇൻഡ്യൻ സ്വാതന്ത്ര്യസമരവും അതിൻറെ ഭാഗമായി സ്ഥാപിതമായ ജനകീയ ഭരണകൂടവും വളരെ മാതൃകാപരമായതും ലോകോത്തരമായതുമായ ഒരു ഭരണഘടനയ്ക്കാണല്ലോ ജന്മം നൽകിയത്. വളരെ ആശ്വാസകരമായ , ഒരു പരിഷ്ക്കൃത സമൂഹത്തിൻറെ നിർമ്മിതിക്ക് ആവേശംപകരുന്ന രാഷ്ട്രീയ ഭരണത്തിനും ജനസമ്മതിയോടെയുള്ള സാംസ്ക്കാരിക നിർമ്മിതിക്കും സാഹചര്യങ്ങൾ ഒരുങ്ങി. എങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്..

                   ഇൻഡ്യൻ ഭരണവർഗ്ഗത്തിന് നൂറ്റാണ്ടുകളുടെ ജീർണ്ണതയെ വകഞ്ഞുമാറ്റി കാലോചിതമായ ഒരു പുതുഭാരതത്തെ സൃഷ്ടിക്കാൻ കഴിയാതെ പോയി. ഇൻഡ്യൻ ജനതയുടെ മുതുകിൽ അതിൻറെ കനപ്പെട്ട പാരമ്പര്യത്തിൻറെ ഭാരം,ജീർണ്ണതകളുടെ കറ അതിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ തികച്ചും നിരാശപ്പെടുത്തുന്ന പ്രതിലോമശക്തിയായി മാറി. സോഷ്യലിസത്തിലും ശാസ്ത്രീയബോധത്തിലും ഊന്നുന്ന ആധുനിക പരിഷ്കൃതിയുടെ നിർമ്മിതി സാധ്യമാകാതെ നവോത്ഥാനമല്ല പുനരുദ്ധാരണമാണ്, ആവശ്യമെന്ന ലഘുവായ പ്രത്യയശാസ്ത്രത്തിനാണ് ഇന്ന് പ്രാമുഖ്യം. സാംസ്ക്കാരിക മൂലധനത്തിലെ വൈരുദ്ധ്യമാണ്. മതാധിഷ്ഠിതമായ പുനരുദ്ധാരണമാണ് ആവശ്യമെ ന്ന പുത്തൻ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു നിദാനം. ആധുനികീകരണമെന്ന നവോത്ഥാനമല്ല, പ്രാചീനതയുടെ പുനരുത്ഥാനം,ഭരണവർഗ്ഗത്തിൻറെ താല്പര്യം കൊളോണിയലിസത്തിലും കോർപ്പറേറ്റ്വല്കരണത്തിലും ഊന്നി നിന്നു കൊണ്ടുള്ള, ഭരണകൂടം തന്നെ അതിനുള്ള മിഷണറിയായിത്തീരുന്ന ദു:ഖകരമായ അവസ്ഥയാണ് ഇന്നത്തെ ഇൻഡ്യൻ യാഥാർത്ഥ്യം. ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തികളായ വൻകിടരാഷ്ട്രങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താൻ കൈക്കൊള്ളുന്ന ഹീനതന്ത്രങ്ങളുടെ ആവർത്തനം ഇൻഡ്യൻ ഫെഡറൽ വ്യവസ്ഥയിലും ആവർത്തിക്കപ്പെടുന്നു. കോവിഡ് – 19 വ്യാപനത്തിൽ അമേരിക്കൻ വിലയിരുത്തലിനു വഴങ്ങാത്ത ലോക ആരോഗ്യസംഘടനയുടെ ഫണ്ട് തടയുന്ന അമേരിക്കൻ നിലപാടു തന്നെ,തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു വഴങ്ങാത്ത സ്റ്റേറ്റുകളുടെ വികസനഫണ്ട്തടഞ്ഞുവെക്കുന്നതിലും ആവർത്തിച്ചു കാണാം.മാനുഷികമൂലധനത്തേക്കാൾ കോർപ്പറേറ്റ് മൂലധനത്തിൻറെ വക്താക്കൾക്ക് അതിൻറെ താല്പര്യങ്ങളെ ഭയപ്പെട്ടും വഴങ്ങിയുമേ മുന്നോട്ടു പോകാൻ കഴിയൂ. ഈ സാഹചര്യമാണ് പൌരാണിക സംസ്കൃതിയുടെ മൂല്യ ബോധവും പുരാവൃത്തങ്ങളിലെ മഹനീയതയുമൊക്കെ വികലമാക്കുന്ന, സ്ഥാപിത താല്പര്യങ്ങൾ പ്രകടമാക്കുന്നത്. ജനസാമാന്യത്തെ രമിപ്പിക്കുന്നവനും, രഞ്ജിപ്പിക്കുന്നവനുമായ ശ്രീരാമൻ ഭിന്നിപ്പിൻറേയും രക്തചൊരിച്ചിലി ൻറേയും ഉപകരണമാകുന്നു. അതുപോലെ ശ്രീകൃഷ്ണൻറെ ധർമ്മസംരക്ഷണം വിഭാഗീയതയുടെ ഉപചാപകതന്ത്രവുമാകുന്നു. അധികാരവ്യവസ്ഥയാണ് മൂല്യങ്ങളെ വ്യാഖ്യാനിക്കുന്നത്. അത് ദുർവ്യാഖ്യാനമാകുമ്പോൾ അമിത അധികാരത്തിനു വഴങ്ങുന്ന ജനഹിതം ഭയത്തിൻറേയും സംശയത്തിൻറേയും നൈരാശ്യപൂർണ്ണമായ നരകമേഖലയായിത്തീരുന്നു. അതിൻറെ വൈരുദ്ധ്യങ്ങൾ ക്രമേണ പെരുകിപ്പെരുകി മറ്റൊരു സാംസ്കാരിക നവോത്ഥാനത്തിലേക്ക് പ്രതീക്ഷ അർപ്പിക്കുന്നു. ചരിത്രത്തിലൂടെ  ജനമനസ്സിൽ ഊറിക്കൂടിയ സാംസ്കാരിക മൂല്യങ്ങളെ മോചിപ്പിക്കാൻ അങ്ങനെ ഒരു പുതുമാനവീയത ഉണർന്നു വരിക തന്നെ വേണം.

കവിത. ഓർമ്മ വേണം, എല്ലാം.

 


ഓർമ്മ വേണം എല്ലാം ...  ഓർമ്മിക്കുന്നതു തന്നെ അതിജീവനമാകുന്ന കാലത്ത്  ഓർമ്മപ്പെടുത്തൽ ഒരു സമരരൂപമാണ് ...


ഓർമ്മയില്ലെന്നോ

ഒന്നും ഓർമ്മയില്ലെന്നോ !

അന്ന, രയ്ക്കറ്റം ചേറ്റു കണ്ടത്തിലാഴ്ന്ന്

അര വല്ലിക്കു കെഞ്ചിക്കെഞ്ചി നിന്നതും

അപ്പന്റെ പണ്ടാരം കായൽക്കുത്തിൽ

കല്ലു കെട്ടിയാഴ്ത്തി പോന്നതും

ഉറക്കെ, പിന്നെയുമുറക്കെ

ജയ് വിളിയില്ലാ, തൊന്നും

മോചനത്തിൻ വഴിയില്ലാഞ്ഞായതും ഗതിയറ്റു 

പൊറുതിമുട്ടിപ്പലനാൾ

കല്ലും കമ്പുമായ് തമ്പ്രാക്കളെ നേർത്തതും 

പെണ്ണിന്റെ മാനത്തി ,നുറക്കമൊഴിച്ചതും ഒന്നും,

ഒന്നുമോർമ്മയില്ലെന്നോ?

അരിയില്ലാക്കരിക്കാടിയും മോന്തി

പുഞ്ചയെക്കാത്തു കിനാക്കൾ വിരിച്ചതും

മെച്ചമുള്ളതൊക്കെ

കാഴ്ചയായ് കൊടുത്തതും

കൂനിക്കൂനി നടുവൊടിച്ചു കഴിഞ്ഞതും

വാതം വെച്ച കാലും വലിച്ചേ ,റെ നടന്നു നാം

അക്കരക്കടവാ, യാസമായ് ചേർന്നതു

മൊന്നും ഇപ്പോഴോർമ്മയില്ലെന്നോ?

പിന്നെ പിന്നെ നാടുണരവേ

നമ്മുടെ നേരവും പുലരുവേ

മിച്ചഭൂമിയിൽ പെര വെച്ചുകെട്ടി

ക്കൂപ്പണും വാങ്ങി ,യൊരു വിധം കഴിഞ്ഞതും 

പള്ളിക്കൂടത്തിൽ പോയ ചെക്കനു

പോലീസിൽ പണിയായതും

ചമ്പളം വാങ്ങിയതും

കോർട്ടേഴ്സായ് .കുടുംബമായ് പിന്നെ മാന 

മര്യാദകൾ നോക്കി ,മെല്ലവേ

നവകേരള മണ്ണിലെല്ലാവരും

സാഭിമാനം തല നീർത്തു നിന്നതും

ഒന്നും ഓർമ്മയില്ലെന്നോ !

ഓർമ്മയില്ലെന്നാകിൽ ..... 

പിന്നോക്കം നടന്നു നാം ,പിന്നെയും....

വന്ന കാതമത്രയും പിറകോട്ടു ചെന്നു നാം 

ഇന്നിതാ ,പാഴൂർ പടിക്കലും

ചാത്തന്റെ മുന്നിലും

മാടനെ ,മറുതയെ ശയന പ്രദക്ഷിണം

മാനിച്ചു ,ണ്ണാവ്രതങ്ങളിൽ

പുതു സ്വർഗങ്ങൾ കാംക്ഷിച്ചുകാംക്ഷിച്ചു

മങ്ങി മങ്ങിപ്പോയൊരാ നാളുകൾ

നമ്മളെ മനുഷ്യരല്ലാതാക്കിത്തീർത്തുവോ !

പിന്നെ വെറും ജാതിയായ്

തറയായ്, ഒറ്റവ്യക്തിയായ്

ചുരുങ്ങിച്ചുരുങ്ങി

ഇരുട്ടിന്റെ കളത്തിലാക്കിയോ !!


വൈകിയിട്ടി ,ല്ലോർമ്മിച്ചെടുക്ക നാം

വീണ്ടെടുക്കായ് കിലോർമ്മകൾ

ചീർത്തു ചീർത്ത, തിൻ ശൈത്യമാർന്നു നാം

ചത്തു തുലഞ്ഞു പോം

പാഴ്ജന്മമായിടാതെ

കാത്തുകൊള്ളേണ്ടതുണ്ടെങ്കി, ലെല്ലാ-

മോർമ്മ വേണം,  നമുക്കോർമ്മ വേണം.

2020 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ലുംബിനി

 

ഖസാക്കിന്റെ ഇതിഹാസം.

 രണ്ട് ഇതിഹാസങ്ങള്‍-

          ഡോ. യു. ജയപ്രകാശ്



1969 ലാണ് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്, ഇരുപതുവര്‍ഷത്തിനുശേഷം അതിനെക്കുറിച്ചുള്ള സ്മരണകളായി 1989ല്‍ ഇതിഹാസത്തിന്റെ ഇതിഹാസവും. മലയാളസാഹിത്യത്തെ സംബന്ധിച്ച് ഈ രണ്ടുകൃതികളും സവിശേഷങ്ങളാണ്. പ്രസിദ്ധീകരണത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ നോവല്‍ അതിന്റെ അപൂര്‍വ്വതയാല്‍ ശ്രദ്ധിക്കപ്പെട്ടു. പാലക്കാടന്‍ ഗ്രാമത്തിന്റെ ഐതിഹാസികമായൊരു കാല്പ്പനിക സൃഷ്ടിയായി നമ്മുടെ നോവല്‍ സാഹിത്യത്തില്‍ വേറിട്ട അനുഭവമായി ഖസാക്കിന്റെ ഇതിഹാസം അതിന്റെ മുദ്ര പതിപ്പിച്ചു. മറ്റു പലതുകൊണ്ടും ശ്രദ്ധേയനായിക്കഴിഞ്ഞിരുന്ന തല്‍ക്കര്‍ത്താവ് ആ നോവലിന്റെ രചനാപശ്ചാത്തലം വെളിപ്പെടുത്തുന്നതോടൊപ്പം അതിലെ കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും സമര്‍ത്ഥമായ ബിംബങ്ങളുടെയും പ്രചോദനത്തെക്കുറിച്ചുമുള്ള ഭാവസാന്ദ്രമായ ഓര്‍ത്തെടുക്കലാണ് രണ്ടാമത്തെ കൃതിയില്‍ നടത്തിയിട്ടുള്ളത്. പ്രഖ്യാതമായ ഒരു സാഹിത്യകൃതിയുടെആ പിന്നാമ്പുറങ്ങള്‍, തീര്‍ച്ചയായും ആസ്വാദകര്‍ക്ക് കൌതുകം പകരുന്ന വായനാനുഭവമാണ് പകര്‍ന്നുനല്‍കുന്നത്.

1958ല്‍ മാതൃഭൂമി വാരികയില്‍ അപ്പുക്കിളി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥ, നോവലില്‍ നരി, സന്ധ്യ എന്നീ പേരുകളില്‍ പതിനൊന്നും പന്ത്രണ്ടും അധ്യായങ്ങളായി രൂപം മാറിയിരിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ‘ഒരു യുദ്ധത്തിന്റെ ആരംഭം’ എന്ന കഥ വായിച്ച പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍, ‘ഇത്തിരീം കൂടി ഇങ്ക്വിലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ’ എന്ന് നിര്‍ദ്ദേശിച്ചത് നോവലിന്റെ പ്രചോദനമായെന്ന് ഒ.വി.വിജയന്‍ വെളിപ്പെടുത്തുന്നു. (പു.27,ഇ.ഇ) ഖസാക്കിന്റെ മൂലഗ്രാമത്തില്‍ ആകസ്മികമായി കുറച്ചുനാളുകള്‍ താമസിക്കാനിടയായത് ആ പാലക്കാടന്‍ ഉള്‍നാട്ടുഗ്രാമത്തിലെ സാമൂഹ്യമാറ്റത്തിന്റെ കഥയായി വിഭാവനം ചെയ്ത് എഴുതിത്തുടങ്ങുകയും പിന്നീട് തഞ്ചാവൂരിലും ഡല്‍ഹിയിലും പ്രവാസജീവിതത്തിനിടയില്‍ നടത്തിയ വലിയ തിരുത്തലുകളിലൂടെ നോവല്‍, ഇന്നത്തെ രൂപത്തിലായിയെന്നും അദ്ദേഹം എഴുതുന്നു. ഇതിഹാസത്തിന്റെ ഇതിഹാസം നമ്മെ അത്ഭുതപ്പെടുത്തുന്നത് നോവലിന്റെ ഈ പരിണാമത്തില്‍ ഭാഗഭാക്കാവുന്ന എഴുത്തുകാരന്റെ വ്യക്തിജീവിതത്തിലെ സാഹചര്യങ്ങളെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അവ ഉണ്ടാക്കുന്ന അത്ഭുതകരമായ സ്വാധീനങ്ങളെക്കുറിച്ചുമുള്ള സ്മരണകളാലാണ്. സര്‍ഗ്ഗാത്മകമായ ഒരു രചനയുടെ ജന്മത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മമായ ഓര്‍ത്തെടുക്കല്‍ സാഹിത്യലോകത്ത് വളരെ അപൂര്‍വ്വമാണ്.

1969 മലയാള നോവലിനെ സംബന്ധിച്ച് അവിസ്മരണീയമായൊരു വര്‍ഷമാണ്. ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം ഈവര്‍ഷം കാക്കനാടന്റെ ഉഷ്ണമേഖലയും, മുകുന്ദന്റെ ഡല്‍ഹിയും പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം ആനന്ദിന്റെ ആള്‍ക്കൂട്ടവും. ഇത്രയും പ്രശസ്തവും ഭാവുകത്വപരമായി നിര്‍ണ്ണായകവുമായ നോവലുകളോടൊപ്പമാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മലയാള വായനാസമൂഹം സ്വീകരിക്കുന്നത്. മലയാളസാഹിത്യത്തില്‍ നോവലിന്റെ ദശകമായിരുന്നു അത്. ഏതു ലോകഭാഷയിലേയും ഭാവുകത്വത്തോട് കിടപിടിക്കുന്ന രചനകള്‍ നമ്മുടെ ഭാഷയിലും പിറന്നുവീണു. മനുഷ്യമനസ്സിന്റെ അഗാധമായ അടിത്തട്ടുകളിലൂടെ സഞ്ചരിച്ച് വിചിത്രമായ ലോകങ്ങള്‍ കണ്ടെത്താനും അസാധാരണമായ അനുഭൂതിവിശേഷങ്ങള്‍ പകര്‍ന്നുതരാനും നമ്മുടെ നോവലിനുമാകുമെന്ന് വ്യക്തമാക്കുന്ന എഴുത്തും, ആധുനികസാഹിത്യത്തിന്റെ ആ ഭാവുകത്വപരിണാമത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്ന വായനാസമൂഹവും ഇവിടെയുമുണ്ടായി.

ഖസാക്കിലെ രവി ഒരു അസാധാരണ കഥാപാത്രമാണ്. നോവലിലെ നായകനായ രവിയിലൂടെ അവതരിപ്പിക്കപ്പെട്ട ജീവിതദര്‍ശനം വളരെ സങ്കീര്‍ണ്ണമായിരുന്നു. അതൊരു ദര്‍ശനമെന്ന വിശേഷണം തന്നെ അര്‍ഹിക്കുന്നതല്ല. സന്ദേഹിയായ രവി സത്യാന്വേഷിയാണ്. അറിഞ്ഞതിനപ്പുറം അശാന്തമായ മനസ്സോടെ പൂര്‍ണ്ണത തേടുന്ന നിത്യസഞ്ചാരി. തന്നിലേക്കു കടന്നുവരുന്ന എതനുഭവത്തേയും കാരുണ്യത്തോടെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന രവിയുടെ നിലപാട് വ്യവസ്ഥാപിതമായ മൂല്യങ്ങളോടും സദാചാരസങ്കല്പ്പങ്ങളോടും കലഹിക്കുന്നതായിരുന്നു. മതത്തിന്റെയോ വീക്ഷണങ്ങളുടെയോ അനുശാസനങ്ങള്‍ക്കും മുന്‍ധാരണകളുടെ കാലുഷ്യങ്ങള്‍ക്കും വഴങ്ങാത്ത രവിയിലേക്ക് ഖസാക്ക് മനുഷ്യഭാഗധേയത്തിന്റെ നിഷ്‌ക്കരുണമായ വഴിതുറന്നിട്ടു. അതൊക്കെയും ഉദാരതയോടെ സ്വീകരിക്കാനുള്ള നിഷ്‌ക്കളങ്കതയുടെ അസാ ധാരണത്വം ഈ നായകനില്‍ സന്നിവേശിക്കപ്പെട്ടത് തികച്ചും അകൃത്രിമത്വത്തോടെയായിരുന്നു താനും. അസ്തിത്വത്തിന്റെ വേവലാതികളിലൂടെ സഞ്ചരിച്ച് അഗമ്യഗമനങ്ങളിലേക്കും അനിയന്ത്രിതമായ അരാചകത്വങ്ങളിലേക്കും കടന്ന കഥാപാത്രത്തെ അന്നത്തെ മുഖ്യധാരാവിമര്‍ശനം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാഞ്ഞത് സ്വാഭാവികമാണ്. സാമൂഹ്യപ്രതിബദ്ധതയുടെയും സംസ്‌ക്കാരവാഹകത്വത്തിന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് അന്നു സര്‍ഗ്ഗാത്മകത മോചിപ്പിക്കപ്പെട്ടിരുന്നില്ല. ഖസാക്കിലെ രവിയും മൈമുനയും ഖാലിയാരും അള്ളാപ്പിച്ച മൊല്ലാക്കയും മുങ്ങാങ്കോഴിയും അപ്പുക്കിളിയുമൊക്കെ നിര്‍മ്മിച്ച് ഒ.വി.വിജയന്‍ ഭാവനാസൃഷ്ടിയുടെ മറ്റൊരുവിധാനത്തെ പൂരിപ്പിക്കുകയായിരുന്നു.

നിജാമലിയിലൂടെ ഖസാക്കിലെ സാമൂഹിക പരിണാമത്തിനു ആവിഷ്‌ക്കാരം നല്‍കാന്‍ ആദ്യം സങ്കല്പ്പിച്ച നോവല്‍, ഖസാക്കിലെ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പരിധികളൊക്കെ ലംഘിച്ച് സന്ദേഹിയായ നായകപാത്രം സര്‍വ്വനിഷേധത്തിന്റെ ആവിഷ്‌ക്കാരമാവുകയും കാര്‍ട്ടൂണിസ്റ്റായ നോവലിസ്റ്റിന്റെ പ്രതിഭാകൗശലങ്ങളുടെയും ഭ്രമാത്മകലോകത്തിന്റെയും സൃഷ്ടിയാവുകയാണുണ്ടായത്. ഈ പരിണാമം വന്ന നാള്‍ വഴി നമുക്ക് ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ ഒ.വി.വിജയന്‍ ബോദ്ധ്യപ്പെടുത്തിത്തരുന്നുമുണ്ട്. രവിയെപ്പോലെത്തന്നെ സങ്കീര്‍ണ്ണമാകുന്ന കഥാപാത്രമാണ് നിജാമലിയും. മൈമുനയുടെ പേരില്‍ ഇവര്‍ തമ്മിലുണ്ടാകുന്ന അടിപിടിക്ക് നോവലില്‍ ദുര്‍ഗ്രഹമായൊരു മായികത നല്‍കിയിരിക്കുന്നു. അള്ളാപ്പിച്ച മൊല്ലാക്കയുടെ പിന്‍മുറക്കാരനാവാനുള്ള നിയോഗത്തെ നിഷേധിച്ച് രാജാവിന്റെ പള്ളിയിലെ ഖാലിയാരായി സ്വയം വിധിക്കുന്ന നിജാമലി കൂമന്‍കാവിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഒരവസരത്തില്‍ വേഷമണിയുന്നതും രസാവഹമാണ്. ഏകാദ്ധ്യാപക വിദ്യാലയവും ഖസാക്കിന്റെ ഭൂപ്രകൃതിയും തദ്ദേശീയരുടെ സാമൂഹ്യജീവിതവും ഖസാക്ക് നിവാസികളുടെ ജീവിതത്തിന്റെ സൂക്ഷ്മവിവരണവുമെല്ലാം കഥാകാരന്റെ കല്പ്പനാസൃഷ്ടിയാണെങ്കിലും ഖസാക്കിനെ സാങ്കല്പ്പികലോകമായിക്കാണാന്‍ കഴിയാത്തവിധം യാഥാര്‍ത്ഥ്യ പ്രതീതിയോടെ വരച്ചിട്ടിരിക്കുന്നു. കഥാപാത്രങ്ങളിലൂടെ ഖസാക്കിന്റെ ഭൂപ്രകൃതിയും വായനക്കാരന് കണ്മുന്നില്‍ അനുഭവിക്കുന്ന ലോകമായി അനുഭവപ്പെടുത്താന്‍ കഴിഞ്ഞ രചനാകുശലത നോവലിസ്റ്റിനുണ്ട്. പാവങ്ങളും നിരക്ഷരുമായ ഗ്രാമീണജനതയുടെ വിശ്വാസങ്ങളും ജീവിതായോധനവും ആഖ്യാനം,ചെയ്യപ്പെടുകയല്ല, നമ്മുടെ പ്രിയപ്പെട്ട പാത്രങ്ങളുടെ ജീവിതം തന്നെയാണ് ആവിഷ്‌കൃതമാകുന്നത്. ആകെയുള്ള ഇരുപത്തെട്ട് അധ്യായങ്ങള്‍ ചിലേടത്തെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെട്ട സ്വതന്ത്രകഥകളെപ്പോലെ മാറിനില്ക്കുന്നവയാണെങ്കില്‍പ്പോലും ഖസാക്ക് വായന ഒരിക്കലും വിരസമാവാത്തത് എഴുത്തുകാരന്‍ ഊന്നുന്ന മനുഷ്യജീവിതത്തിന്റെ ഭാഗധേയത്തെക്കുറിച്ചുള്ള വേവലാതി പൂണ്ട അന്വേഷണത്തിലെ സത്യസന്ധതകൊണ്ടാണ്.

ഖസാക്ക് ഒരു സാങ്കല്പികസ്ഥലമാണെന്ന ബോധം വായനയുടെ ഒരുവേളയിലും ഉയര്‍ന്നുവരാത്തത് വിജയനെന്ന കൃതഹസ്തനായ എഴുത്തുകാരന്റെ സര്‍ഗ്ഗവൈഭവത്തിനു ദൃഷ്ടാന്തമാണ്. വൈയക്തികമായ അനുഭവാംശങ്ങളെ സമര്‍ത്ഥമായി നോവലില്‍ ഉപയോഗിക്കാനായതുപോലെ ബാല്യകാലം മുത ല്ക്കുതന്നെ അനുഭവിച്ചിരുന്ന ഭ്രമാത്മകമായ കല്പനകളെ സ്മരണയില്‍ സംരക്ഷിച്ച് ഉപയോഗപ്പെടുത്താനും സാധിച്ചത് ശ്രദ്ധേയമാണ്. അപ്പുക്കിളിയുടെ സങ്കല്പ്പംതന്നെ അത്തരമൊരു നേട്ടമാണല്ലോ. മൃഗതൃഷ്ണയെന്നു പറയാറുള്ള അനുഭവത്തെ കല്പ്പവൃക്ഷത്തിന്റെ തൊണ്ടായി വിവരിക്കുന്ന അനുഭവം പോലെ ഹൃദ്യമാണ് തുമ്പികളെ പരേതാത്മാക്കളുമായി ബന്ധിപ്പിച്ചുകൊണ്ടു ള്ള പുനര്‍ജന്മകല്പ്പന. ഖസാക്കില്‍ അവതരിക്കപ്പെടുന്ന കുട്ടികളുടെ ലോകത്തിനുമുണ്ട് അതിന്റേതായ ചാരുത. അപ്പുക്കിളിയുടെ കൂട്ടുകാരായ കുഞ്ഞാമിന, നൂറ്, കരുവ് തുടങ്ങിയവര്‍ നോവലിന്റെ ഭാവമണ്ഡലത്തെ സവിശേഷമാക്കുന്നു. മുങ്ങാങ്കോഴിയും കുപ്പുവച്ചനും മൊല്ലാക്കയും അത്തറു മുതലാളിയും സൃഷ്ടിച്ചെടുക്കുന്ന ഖസാക്കിന്റെ സാമൂഹ്യജീവിതവും അസാ ധരണമാണ്. മൈമുനയടക്കം ഖസാക്കില്‍ ചിത്രീകരിക്കപ്പെടുന്ന സ്ത്രീകളുടെ സദാചാരബോധം എന്തുകൊണ്ടോ അത്രമാത്രം ശോഭനമായി അനുഭവപ്പെടുന്നില്ല. നായകനായ രവിയുടെ സന്‍മാര്‍ഗ്ഗജീവിതവും അതുപോലെത്തന്നെ. പാത്രസങ്കല്പ്പത്തിലെ ഈ വൈരുദ്ധ്യം ആശ്രമത്തിലെ അന്തേവാസിയായ സ്വാമിനിയുടെ ഉടുമുണ്ടുമായി കൂമന്‍കാവില്‍ ബസ്സിറങ്ങുന്ന നായകന്റെ ഖസാക്ക് ജീവിതമാകെ നിറഞ്ഞുനില്ക്കുന്നതായി കാണാം. യാഗാശ്വമായ മൈമുനയും ശിവരാമന്‍നായരുടെ ഭാര്യ നാരായണിയും നീലിയും കോടച്ചിയുമൊക്കെ കുറ്റബോധമൊട്ടുമില്ലാതെ കാമത്തെ സ്വീകരിക്കുന്നവരാണല്ലോ. അരാജകത്വം ജൈവപ്രകൃതി തന്നെയാണെന്ന സന്ദേശമാണ് നോവലിസ്റ്റ് പകര്‍ന്നുതരുന്നത്. ആധുനികതയുടെ നിരങ്കുശമായ നിലപാടുതന്നെയാണിത്. അസ്തിത്വദു:ഖവും മരണവുമായിരുന്നു ആ ഭാവുകത്വത്തില്‍ ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നെങ്കിലും ഭാരതീയ കര്‍മ്മസിദ്ധാന്തത്തോട് പ്രതിപത്തിയുള്ള നോവലിസ്റ്റ് ഇറക്കുമതി ചെയ്ത സാഹിത്യസിദ്ധാന്തങ്ങളില്‍നിന്ന് കരുതലോടെ അകലംപാലിച്ചുകൊണ്ട് സത്യാന്വേഷണത്തോട് നിരുന്മേഷമായൊരു സമത കൈക്കൊള്ളുന്നു.

ഖസാക്കിന്റെ ഇതിഹാസത്തെ അസാധാരണമാക്കുന്നത് അതിന്റെ ഭാഷയാണ്. പദധ്യാനമെന്ന അധ്യായത്തില്‍ മലയാളഭാഷ തനിക്ക് മെരുങ്ങിയിട്ടില്ലെന്ന് തുറന്നെഴുതുന്ന നോവലിസ്റ്റ് തനിക്ക് ലഭ്യമായ വ്യക്തിഭാഷയെ സമര്‍ത്ഥമായി ഉപയോഗിച്ചു. പാലക്കാടന്‍ ഈഴവഭാഷാഭേദവും മൂലഗ്രാമത്തിലെ പാലക്കാടന്‍ രാവുത്തരുടെ ന്യൂനപക്ഷഭാഷയും ഇടകലര്‍ന്ന ഒരു ഉപഭാഷയാണ് നോവലില്‍ കാണുന്നത്. സംഭാഷണങ്ങള്‍ക്ക് ഏറെ ഇടം കൊടുത്തിരിക്കയാല്‍ മാനകഭാഷയില്‍ ആഖ്യാനം ചെയ്യേണ്ടിവരുന്നത് വളരെ ചുരുക്കമായാണ്. ഭാഷയെക്കാള്‍ ആഖ്യാനംചെയ്യപ്പെടുന്ന ജീവിതവും അതിന്റെ അസാധാരണമായ ഭാവമണ്ഡലവും ഉള്‍ക്കൊള്ളാന്‍ ആ ജൈവഭാഷ സമര്‍ത്ഥമാണുതാനും.

ഒ.വി.വിജയന്‍ ജന്മനാ ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. കര്‍മ്മരംഗത്ത് അനുസന്ധാനം ചെയ്ത ആ കുശലത സാഹിത്യരചനയിലും അനര്‍ഗ്ഗളമായി പ്രകാശിപ്പിച്ചിട്ടുള്ളത് ഖസാക്കില്‍ ആപാദചൂഢം അനുഭവിക്കാം. കഥാപാത്രസങ്കല്പത്തിലും സംഭവങ്ങളുടെയും അവയുടെ പരിണാമങ്ങളിലും ആഖ്യാനത്തിലുമൊക്കെ ജന്മസിദ്ധമായ ഈ വൈഭവം മിന്നിത്തിളങ്ങുന്നു. നോവലിനെ ആകെ പൊതിഞ്ഞുനില്ക്കുന്ന ആ ഭാവം ആസ്വദിക്കാതിരുന്നാല്‍ ഖസാക്ക് വായന അപൂര്‍ണ്ണമാവുമെന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

പാലക്കാട് നഗരത്തില്‍നിന്ന് ആറേഴു കിലോമീറ്റര്‍മാത്രം ദൂരമുള്ള ഖസാക്കിന്റെ മൂലഗ്രാമം മലയാളത്തിലെ സാഹിത്യപ്രേമികളെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒരു സാംസ്‌ക്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്. ഒരെ ഴുത്തുകാരനോടുള്ള ജനതയുടെ ആദരവും ഇഷ്ടവും മൂര്‍ത്തീകരിക്കപ്പെട്ട സമുചിതമായൊരു സ്മാരകത്തിനാണ് കേരളസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. നിരവധി പ്രത്യേകതകളുള്ള ഒരു സ്മാരകം.






Book വിഭക്തിവ്യാകരണം

 

My Books