2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഭാഷയുടെ നാനാർത്ഥങ്ങൾ

 ഭാഷയോട് ഉപാസനയോടൊപ്പമെത്തുന്ന വിനീതഭാവം എല്ലാ സംസ്‌കാരങ്ങളും കാത്തുപോരുന്നുണ്ട്. വചനത്തെ ആദ്യവെളിപാടായിക്കാണുന്ന ബൈബിള്‍ സങ്കല്‍പ്പം പോലെത്തന്നെ പ്രപഞ്ചസ്രഷ്ടാവിന്റെ പൊന്നോമനപ്പുത്രിയായ സരസ്വതിയെ വാണീദേവിയായി പ്രാചീനഭാരതവും ഉപാസിച്ചു. ആത്മാര്‍ത്ഥമായ ഈ ഉപാസനയോടുള്ള താദാത്മീകരണമാവട്ടെ മനുഷ്യന്റെ സര്‍ഗ്ഗാത്മതയോടൊപ്പം വികസിച്ച ്ആത്മീയതയിലൊതുങ്ങാതെ സാധാരണവ്യവഹാരത്തിലേക്കും വ്യാപിച്ചു കിടക്കുന്നതായിക്കാണാം.

മനുഷ്യനെ വിസ്മയിപ്പിച്ച സവിശേഷമായൊരു ചോദനയാണ് ശബ്ദശക്തി. തന്റെയുള്ളില്‍ നിന്നും പൊട്ടിയൊഴുകുന്ന നാദപ്രവാഹത്തെ ആത്മഹര്‍ഷത്തിന്റെയും വൈകാരികാനുഭൂതികളുടേയും ഭൗതികമാത്രമായ പ്രകടനമായി ചുരുക്കുകയായിരുന്നില്ല പ്രാചീനസംസ്‌കൃതികള്‍. അതിലെ ദിവ്യത്വത്തെ, വിസ്മയത്തെ അംഗീകരിച്ചുകൊണ്ടുതന്നെ സാമൂഹ്യമായ ഉപകരണമാക്കി ജീവിതത്തിനു പ്രയോജനപ്പെടുത്തുകയും അതിലൂടെ തന്റെതന്നെ പരിമിതികളെ ജയിക്കുകയും കൂടിയായിരുന്നു. അഗ്‌നിയുടെ കണ്ടെത്തല്‍ പോലെത്തന്നെ ഭാഷ യുടെ കണ്ടെത്തലും മനുഷ്യാതിജീവനത്തെ അതിശയകരമായവിധത്തില്‍ മുന്നോട്ടുനയി ച്ചിട്ടുണ്ട്. കാരണമന്വേഷിച്ച് പരാജയപ്പെട്ട ദൈവികതയെപ്പോലെയല്ല ഭാഷാസിദ്ധിയോട് മനുഷ്യന്‍ പ്രതികരിച്ചത്. നാദോപാസനയെ ദിവ്യമാക്കുന്നതോടൊപ്പം നാദപ്രയോഗത്തെ സാമൂഹ്യജീവിതത്തിനുതകുന്ന, സംഘംചേരലിന് ഉതകുന്ന, ഫലപ്രദമായൊരു ഉപകരണവുമാക്കി. ഭാഷയെന്ന സങ്കീര്‍ണ്ണമായ ഈ ആയുധം പ്രകൃതിയോട് നിലനില്പിനായി ഏറ്റുമുട്ടുന്ന ജീവി എന്ന നിലയില്‍ മനുഷ്യന് എത്രമാത്രം പ്രയോജനപ്പെട്ടു എന്ന അന്വേഷണമാണ് സാമൂഹ്യശാസ്ത്രത്തിന്റെ സിംഹഭാഗവും കാണാവുന്നത്. സാമൂഹ്യചരിത്രത്തോടൊപ്പം മനുഷ്യധൈഷണികതയുടെയും, വൈജ്ഞാനിക സമ്പത്തിന്റെ നിര്‍മ്മാണത്തിലും സംഭരണത്തിലും ഭാഷ വഹിച്ചപങ്കും അത്ഭുതാവഹമാണ്. പ്രാണവായു ബഹിര്‍ഗ്ഗമിക്കുമ്പോള്‍ ശ്രവിക്കുന്ന ഉച്ചരിത ശബ്ദത്തെ സങ്കേതവല്ക്കരിച്ച് സ്വന്തം താല്പ്പര്യങ്ങളെ അപരന് പകരുന്ന, അതോടൊപ്പം അപരന്റെ മനോഗതം മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷധരു അത്ഭുതസിദ്ധി തന്നെയാണ്. വാക്ക് മനസ്സാണ്, ചിന്തയാണ്. ഒരനുഭവത്തിന്റെ ഓര്‍മ്മയില്‍ പ്രതിഭാശക്തി മനനം കൊള്ളുമ്പോള്‍ ചിന്ത ഉണരുകയായി. ചിന്ത സൂക്ഷ്മാവയവങ്ങളിലൂടെ കര്‍മ്മേന്ദ്രിയങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ് പ്രവൃത്തി. പ്രവൃത്തികൊണ്ടാണ് കാണായ ദൃശ്യപ്രപഞ്ചത്തിലെ വസ്തുക്കള്‍ നിര്‍മ്മിക്കപ്പട്ടത്. അങ്ങനെയാണ് വാക്ക് ദൃശ്യപ്രപഞ്ചം തന്നെയാകുന്നത്. ഒരു വസ്തു ഒരാശയത്തിന്റെ നിഴലാണെന്ന അരിസ്റ്റോട്ടിലിന്റെ ചിന്തയും വാക്ക് ബ്രഹ്മം ആണെന്ന വാദവും ഇങ്ങനെ യുക്തിസഹമാകുന്നു.

ഋക് വേദത്തില്‍ മനുഷ്യനു ശബ്ദശക്തി ലഭിച്ചതിനെക്കുറിച്ച് അതിഗഹനമായ ഒരു സങ്കല്പമുണ്ട്. നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിചിത്രമായൊരു ഋഷഭത്തിന്റെ രൂപത്തില്‍ മനുഷ്യരിലേക്ക് ശബ്ദശക്തി പ്രവേശിച്ചു. ആ ഋഷഭമാവട്ടെ രണ്ടുമുഖങ്ങളും മൂന്നുപാദങ്ങളും ഏഴുഹസ്തങ്ങളോടും കൂടിയതാണ്. മൂന്നിടത്ത് ബന്ധിതവുമാണ്.

‘ചത്വാരിശൃംഗാ ത്രയോ അസ്യ പാദാ:

ദ്വേ ശീര്‍ഷേ സപ്താഹസ്താസോ അസ്യ

ത്രിധാ ബദ്ധോ വൃഷഭോ രോരവിതീ

മഹാദേവോ മര്‍ത്യാന്‍ ആവിവേശ’ 

                                         (ഋക് വേദം)     വിചിത്രമായ ഈ ഋഷഭമാകട്ടെ ഭാരതീയമായ ഭാഷാസങ്കല്പത്തിന്റെ ആകെത്തുകയുമാണ് എന്നത് കൌതുകകരമാണ്. ശബ്ദത്തിന്റെ രണ്ടു പ്രകാരങ്ങളാണ് ധ്വനിയും അര്‍ത്ഥവും. നിത്യശബ്ദമെന്നും കാര്യശബ്ദമെന്നും പറയുന്ന സൂചകവും സൂചിതവുമാണവ. നാലുകൊമ്പുകളെന്നത് ചത്വാരി പദജാതി എന്ന ധാരണയിലുള്ള നാമം, കൃതി, ഉപസര്‍ഗം, നിപാതമെന്നീ പദജാതികള് തന്നെ. മൂന്നു പാദങ്ങള്‍ ത്രികാലങ്ങലും ഏഴു ഹസ്തങ്ങള്‍ വിഭക്തികളുമാണ്. ഭാഷാശരീരത്തിന്റെ സമഗ്രരൂപമാണീ ഋഷഭമെന്ന് വ്യക്തം. ആകാശത്തുനിന്ന് ഈ ദേവന്‍ മനുഷ്യരിലേക്ക് സദാ ശബ്ദിച്ചുകൊണ്ട് പ്രവേശിച്ചു. ആകാശമാണല്ലോ ശബ്ദത്തിന്റെ പ്രഭവമണ്ഡലം. ശബ്ദബ്രഹ്മമെന്ന സങ്കല്പം വേദാന്തത്തിലെ മായാദര്‍ശനത്തിനു തുല്യമാണ്. ബ്രഹ്മം സത്യമാണെങ്കിലും അത് കേവലം വിവര്‍ത്തനം മാത്രമാണ്. ഇരുട്ടത്തുകിടക്കുന്ന കയറിനെ പാമ്പായി കാണല്‍, ഇരുട്ടു മാറുന്നതു വരെയുള്ള തോന്നല്‍. ബ്രഹ്മമെന്ന പ്രപഞ്ചത്തെയും അവിദ്യകൊണ്ട് ലോകമായി വിവര്‍ത്തനം ചെയ്തിരിക്കുന്നു. സത്യമായ ബോധത്തില്‍ വിവര്‍ത്തനമവസാനിക്കുന്നു എന്ന് മായാവാദം. ഭാരതത്തിലെ പ്രാചീന മനീഷികള്‍ ദര്‍ശനവൈവിദ്ധ്യമനുസരിച്ച് വാക്കിന്റെ യുക്തികളെ അന്വേഷിച്ചു. പ്രശസ്തമായ ഗായത്രീമന്ത്രം സവിതാവും സാവിത്രിയുമായി, നിത്യദമ്പതികളായി മനസ്സിനേയും വാക്കിനേയും കണ്ടു. പരമേശ്വരന്റെ കയ്യിലെ ഢക്കയുടെ നാദമായാണ് ശൈവവാദം ശബ്ദോല്പത്തിയെ അവതരിപ്പിച്ചത്. മറ്റൊരു ദാര്‍ശനികനായ ഭര്‍തൃഹരി ശബ്ദബ്രഹ്മമെന്ന സങ്കല്പത്തിലൂടെ പപഞ്ചോല്പത്തിയെത്തന്നെ ശബ്ദശക്തിയുമായി ബന്ധിപ്പിച്ചു. പരാ,മധ്യമാ,വൈകൃതാ എന്നീ ശബ്ദഭേദം കേവലദര്‍ശനമായല്ല, തികച്ചും നൂതനമായ ശാസ്ത്ര സിദ്ധാന്തമായിത്തന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ശ്രുതമായ വേദത്തെ സാധുവാക്കുന്ന ഷഡംഗങ്ങളിലൊന്നായ വ്യാകരണത്തെ ഏറ്റവും ഉന്നതമായ ധൈഷണിക സിദ്ധിയായാണ് ഭാരതീയ പൈതൃകം ആദരിച്ചുപോന്നത്. മനുഷ്യന്റെ നിത്യവ്യവഹാരിന്റെ ഭാഗമാണെങ്കില്‍പ്പോലും ഭാഷയെ ആത്മീയമായൊരു പരിവേഷത്തിലൂടെയാണ് വീക്ഷിച്ചുപോന്നതും.

‘ഏകഃശബ്ദഃസമ്യഗ് ജ്ഞാത സുഷ്ഠു പ്രയുക്തഃ സ്വര്‍ഗ്ഗേലോകേ കാമധുഗ്ഭവതി’ എന്ന ശ്രുതിവചനമാണ് ഭാഷയുടെ ശ്രേഷ്ഠതയെ സംബന്ധിച്ചുള്ള മറ്റൊരു ചിന്ത. ഒരു ശബ്ദം ശരിയായി അറിഞ്ഞ് ശരിയായി പ്രയോഗിക്കുമ്പോള്‍ അയാള്‍ സ്വര്‍ഗ്ഗം പൂകി, അഭീഷ്ഠങ്ങളനുഭവിക്കുന്നവനാകുമെന്നതാണ് ഈ ശ്രുതിവചനത്തിന്റെ താല്പ്പര്യം. ഭാരതത്തില്‍ മാത്രമല്ല പടിഞ്ഞാറും പ്രാചീന സംസ്‌കാരങ്ങള്‍ഭാഷയോട് ദൈവികമായൊരു പവിത്രത കാണിക്കുന്നു. ബൈബിളിലെ വചനം എന്ന സങ്കല്പം വളരെ ശ്രദ്ധേയമാണ്.’ആദിയില്‍ വചനമുണ്ടായി, വചനം ദൈവമായിരുന്നു’ എന്ന കല്പന ഏറെ അര്‍ത്ഥഗര്‍ഭമാണ്.

‘In the beginning was the word, and the word was with God, and the word was GOD’. എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളിലും ഭാഷയെ ഇങ്ങനെ ദിവ്യവല്‍ക്കരിക്കുന്നുണ്ട്. ദൈവത്തിന്റെ സൃഷ്ടിയില്‍ എല്ലാവര്‍ക്കും ഒരേ ഭാഷയായിരുന്നു. ബാബേല്‍ ഗോപുരം പണിത് സ്വഗ്ഗത്തിലെത്താന്‍ ആഗ്രഹിച്ചതിന്റെ ശിക്ഷയായി ദൈവം മനുഷ്യന്റെ ഭാഷയെ കലക്കിക്കളഞ്ഞുവെന്ന സങ്കല്പം ആദിപാപം പോലെ ശക്തമായൊരു മിത്താണ്. ഭാഷയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഇങ്ങനെ ആത്മീയതയുടെ അപാരതയിലേക്ക് പോവുന്നത് മനുഷ്യഭാഷയുടെ സ്വഭാവത്തിലുള്ള സങ്കീര്‍ണ്ണത കൊണ്ടാണല്ലോ. ഇത്രയും ശാസ്ത്രീയമായ അന്വേഷണങ്ങളൊക്കെ സാദ്ധ്യമായിട്ടും ഭാഷോല്പത്തിയുടെ കാര്യത്തിലുള്ള അവ്യക്തത നീങ്ങിയിട്ടില്ല. എന്നാല്‍ എല്ലാ മനുഷ്യന്റെയും വാഗിന്ദ്രിയങ്ങളിലൂടെ വൈകൃതമായി ധ്വനിക്കുന്ന വാച്യമായ ശബ്ദം, അകത്തെ ബുദ്ധിയുടെ പ്രതികരണമാണെന്നറിയാന്‍ ആത്മവിദ്യയൊന്നും ആവശ്യമില്ല. വചിക്കപ്പെട്ട വാക്കില്‍ സൂചിതമായ അര്‍ത്ഥമാണ് കാണായ വസ്തുക്കളൊക്കെയും. രൂപമുള്ളവയെപ്പോലെ മൂര്‍ത്തമല്ലാത്ത അമൂര്‍ത്തതകളേയും വഹിക്കാന്‍ വാക്കിനു കഴിയുന്നത് വാക്ക് പ്ലാസ്മ പോലെ രൂപമില്ലാത്തൊരു ശക്തി മാത്രമായതു കൊണ്ടാണ്. വാക്ക് ഉണ്ട് എന്നാല്‍ അതിനു സ്വരൂപമോ ശരീരമോ ഇല്ല .അത് പ്രതിപ്രവര്‍ത്തനശേഷിയുള്ളതാണ്. വക്താവില്‍ നിന്ന് ഉറന്നൊഴുകി ശ്രോതാവില്‍ ബോധമുണര്‍ത്തി പ്രവര്‍ത്തനസജ്ജമാക്കുന്ന ശക്തിയാണത്. വക്തൃശ്രോതാക്കള്‍ ഒരേ നിലയിലാകണമെന്നു മാത്രം. ഈ നില സമൂഹത്തിന്റെ സംഭാവനയാണ്. വക്താവിന്റെ വാക്ക് ശ്രോതാവില്‍ സാഫല്യമടയുന്നത് ഇരുവരും ഒരേ യത്‌നത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ പങ്കാളികളായിക്കൊണ്ടാണ്. പൂര്‍വ്വനിശ്ചിതവും വ്യവസ്ഥാപിതവുമായ ഭാഷാചിഹ്നം വക്താവ് ഉല്പാദിപ്പിച്ചാലെ ശ്രോതാവിന് പൂര്‍വ്വസംസ്‌കാരംകൊണ്ട് അതിന്റെ താല്‍പ്പര്യം കൈവരിക്കാനാവൂ. വക്താവും ശ്രോതാവും കൈമാറ്റം ചെയ്യുന്ന ശബ്ദമാകട്ടെ, അതിലെ സൂചകമാകട്ടെ സമൂഹത്തിന്റെ സംഭാവനയുമാണ്. അവരിരുവരും അതേ സമൂഹത്തിലെ അംഗങ്ങളായിക്കൊണ്ട് ആര്‍ജ്ജിച്ചവയുമാണ്. സാമൂഹ്യവികാസമുണ്ടാവുകയും അധികാരത്തിന്റെയും സ്ഥാപിതതാല്പര്യങ്ങളുടേയും മറവില്‍ ശ്രേണീകരണവുണ്ടാവുകയും സംഭവിച്ചതോടെ വാക്കിന്റെ നിഗൂഢശക്തിയെ ഉപാസിക്കുവാനും സാമാന്യജനത്തെ അതില്‍ നിന്നകറ്റി രഹസ്യാത്മകതയും മന്ത്രസിദ്ധിയും സ്ഥാപിച്ചെടുക്കാനും ശ്രമമുണ്ടായി.ഉപാസനകളും പൂജാദിതന്ത്രങ്ങളും വാക്ക് ശക്തിയുടെ ദിവ്യതയുടെ പരിധിയിലായി. സാധാരണ മനുഷ്യരുടെ വാഗിന്ദ്രിയങ്ങള്‍ക്കു വഴങ്ങുന്നവയാണെങ്കില്‍പ്പോലും മന്ത്രങ്ങളും ദൈവവചനങ്ങളും കൈകാര്യം ചെയ്യുന്ന ഉന്നതശ്രേണി രൂപംകൊണ്ടു. ദേവഭാഷയും പ്രാകൃതങ്ങളും വേര്‍തിരിക്കപ്പെട്ടു. സാമൂഹ്യഘടനയുടെ വ്യവസ്ഥാപനത്തില്‍പ്പോലും ഭാഷാന്തരം നിര്‍ണ്ണായകമായി. ആചാരഭാഷയും രഹസ്യഭാഷയുമൊക്കെ നിലവില്‍ വരുകയും ചെയ്തു. ലൗകികഭാഷ അതിന്റെ സ്വാഭാവിക രീതിയില്‍ വളര്‍ന്നു വികസിച്ച് സാഹിത്യരൂപങ്ങളും കലാവിഷ്‌കാരങ്ങളുമായെങ്കിലും അതിലെ ഒരു തലം സ്‌തോത്രനിര്‍മ്മിതിക്കും ഉപാസനാ മന്ത്രങ്ങളുടെ നിര്‍മ്മിതിക്കുമായി ദിവ്യവല്‍ക്കരിക്കപ്പെടുകയും സാമാന്യവ്യവഹാരത്തില്‍ നിന്നും ഭിന്നമായ ദിവ്യപരിവേഷം ലഭ്യമാവുകയുമുണ്ടായി. ഭാഷോപാസന, ദിവ്യമൂര്‍ത്തിയുമൊക്കെ ഇത്തരം സ്ഥാപനവല്‍ക്കരണത്തിന്റെ വിവിധഘട്ടങ്ങളില്‍ നിര്‍മ്മിച്ചെടുത്തവയാണ്. മനുഷ്യസാമാന്യത്തിന്റെ സ്വത്ത് സാമൂഹ്യഘടന സ്വകാര്യാധിപത്യത്തിനായി ദുരുപയോഗം ചെയ്താണ് ഭാഷയുടെ ദിവ്യതലം രൂപപ്പെടുത്തിയത്. അത് ക്രമേണ ദുഷിച്ചതാണ് മധ്യകാലത്തിലെ ഭാഷാസാഹിത്യത്തില്‍ കാണുന്നത്. വേദങ്ങളില്‍ നിന്നാരംഭിച്ച് ഉപനിഷത്തുക്കളും പുരാണങ്ങളുമായി ദിവ്യവല്‍ക്കരിച്ച ഭാഷ പിന്നീട് ഭക്തിസാഹിത്യവും പ്രാദേശികസാഹിത്യവും ആധുനികസാഹിത്യവുമായി സാധാരണീകരിക്കപ്പെട്ടു.

    ഭാഷയെ അപഗ്രഥിക്കുന്ന സാമ്പ്രദായിക മാര്‍ഗ്ഗമാണ് വ്യാകരണം. അത് ഒറ്റയൊറ്റ ഭാഷകളുടെ വ്യവസ്ഥയെ നിര്‍ദ്ധാരണം ചെയ്യുന്നു. പില്ക്കാലത്ത് താരതമ്യവും ഇതര വൈജ്ഞാനിക രീതികളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷാശാസ്ത്രം വികസിച്ചു. ധൈഷണികതയുടെ എല്ലാദിശകളിലേക്കും വ്യാപിച്ച ഭാഷാചര്‍ച്ച പിന്നീട് മനുഷ്യചിന്തയുടെ സര്‍വ്വമേഖലകളിലും സ്വാധീനം ചെലുത്താന്‍ പ്രാപ്തമായ ജ്ഞാനരൂപമായി.സമൂഹത്തിന്റെ വിഭാജക ഘടകങ്ങളൊക്കെയും ഭാഷയുടേതും കൂടിയാണ്. രാഷ്ട്രഭാഷ, ദേശ്യഭാഷ, മാതൃഭാഷ, വ്യക്തിഭാഷ തുടങ്ങിയ വിവിധങ്ങളായ തരംതിരിവുകള്‍ ഭാഷയുടെ സാമൂഹ്യവ്യാപനവുമായി ബന്ധപ്പെട്ട് വൈവിദ്ധ്യം പ്രദര്‍ശിപ്പിക്കുന്നു. വരമൊഴിയും വാമൊഴിയും എന്നതുപോലെ സ്ത്രീഭാഷയും കുട്ടികളുടെ ഭാഷയും വരെ പ്രസക്തമാണ്. ഇന്ത്യന്‍ സമൂഹം ജാതീയമായി വേര്‍തിരിഞ്ഞിട്ടുള്ളതുകൊണ്ട് ഓരോ ജാതി, മത, വര്‍ഗ്ഗ സമൂഹത്തിനും അവയെ അടയാളപ്പെടുത്തിക്കൊണ്ട് വ്യാവഹാരികഭാഷയുണ്ട്. ഭാഷ ആശയവിനിമയത്തിന്റെ ഉപകരണമാണ് എന്നതിനോടൊപ്പം സംസ്‌കാരവാഹകവുമാണ്. ഓരോ ജനസമുഹവും ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും രേഖപ്പെടുത്തി, സംഭരിച്ച് തലമുറകളിലേക്ക് വിനിമയം ചെയ്യുന്ന ധര്‍മ്മം വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. യുദ്ധങ്ങളല്ല, ഭാഷകളാണ് സമൂഹഹനനത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന യുക്തിക്ക് ഇന്ന് പ്രചാരമുണ്ട്. മരിച്ചു പോകുന്ന ഭാഷകളിലൂടെ സംസ്‌കൃതികളും, സാമൂഹ്യാനുഭവങ്ങളും മണ്‍മറയുന്നു. മനുഷ്യന്‍ സാംസ്‌കാരിക ജീവി ആകുന്നതുപോലെ സര്‍ഗ്ഗാത്മകത മാനവീയതയുടെ പ്രത്യക്ഷലക്ഷണമാണ്. അക്ഷരകലയെ എല്ലാ സമൂഹവും ആരാധിക്കുന്നുണ്ട്. സാഹിത്യം ഭാഷയിലൂടെയുള്ള സൗന്ദര്യ നിര്‍മ്മിതിയാണ്. വെറും ശബ്ദപ്രകടനമെന്ന നിലയില്‍ നിന്നും മധുരിക്കുന്ന ഭാഷാപ്രകടനം നടത്താനും, വിശേഷനിര്‍മ്മിതികളെ സംരക്ഷിച്ച് എഴുതി സൂക്ഷിക്കാനും അതിലൂടെ ചിന്തയെ വികസിപ്പിക്കാനും കഴിഞ്ഞത് മാനവീയതയുടെ ശ്രദ്ധേയമായ വിജയം കൂടിയാണ്. ഭാഷാപഗ്രഥനത്തിന്റെ ഏറ്റവും ആധുനികവും ഏറെ ധൈഷണികവുമായ മറ്റൊരുതലം വ്യവഹാരത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ഭാഷ അധികാരസ്വരൂപമാണ്. അധികാരവാഹനവും ഉപകരണവുമാണ്. നിരുപദ്രവകരമെന്നു തോന്നാമെങ്കിലും ഏതു സന്ദര്‍ഭത്തിലെ ഭാഷാപ്രയോഗത്തിലും അധികാരവ്യവസ്ഥയുടെ ആവിഷ്‌കാരമുണ്ട്. സമൂഹജീവിതത്തില്‍ നിലനില്ക്കുന്ന അധികാരശ്രേണികളെ പ്രകടിപ്പിക്കുന്നത് ബോധപൂര്‍വ്വമോ അല്ലാതെയോ ആവാം. സമൂഹസ്രഷ്ടമായതു കൊണ്ടുതന്നെ അതതു കാലത്തെ അധികാരവ്യവസ്ഥയാണ് ഭാഷയെ നിര്‍മ്മിച്ചത് എന്നതിനാല്‍ ഭാഷാശരീരത്തില്‍ അന്തര്‍ലീനമായ അധികാരത്തിന്റെ അടയാളങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുന്നില്ല. ആ നിലക്ക് ഭാഷാപഗ്രഥനം ഒരു സമൂഹത്തിലെ അധികാരവ്യവസ്ഥിതിയുടെ പഠനം കൂടിയാകുന്നു. ഇന്നത്തെ വ്യാവഹാരിക ഭാഷാശാസ്ത്രം പോലുള്ള ശാഖകള്‍ വ്യവഹാരത്തിലെ അധികാരവ്യവസ്ഥയെ അപഗ്രഥിക്കുന്നതില്‍ ശ്രദ്ധവെക്കാറുണ്ട്.

മലയാളിയുടെ എഴുത്തിന്റെയും വായനയുടെയും ചരിത്രം ആരാഞ്ഞുപോകുന്നത് രസാവഹമാണ്. പൂര്‍വ്വദ്രാവിഡഭാഷയുടെ പൊതുപൈതൃകം തമിഴകത്തിന്റെ സംഘകാലത്തിലേക്ക് നീണ്ടുകിടക്കുന്നുണ്ടല്ലോ. സംഘകാല ദേശത്തെയും സാമൂഹ്യജീവിതത്തെ യും സംസ്‌കാരത്തെയും സാഹിത്യത്തെയും തമിഴനോടൊപ്പം മലയാളിയും പങ്കുവെക്കുന്നുണ്ട്. ഐന്തിണയും തിണകളിലെ സാമൂഹ്യജീവിതവും പോലെ സാഹിത്യവും ആത്മീയതയും നമ്മളിലുണ്ട്. പുറനാനൂറിലും കലിത്തൊകയിലും ചിലപ്പതികാരത്തിലുമൊക്കെ ചേരരാജ്യത്തിന്റെ പങ്ക് ചെറുതല്ല. മൂവേന്തരില്‍ പ്രശസ്തനുമാണല്ലോ ചേരനും. കോലെഴുത്തും വട്ടെഴുത്തുമായി രൂപമെടുത്ത് പാലി ഗ്രന്ഥലിപികളിലൂടെ വളര്‍ന്നാണ് നമ്മളിന്ന് എഴുതുന്ന മലയാള അക്ഷരവടിവ് വ്യവസ്ഥാപിതമായത്. വിനോദങ്ങളും വീരാപദാനങ്ങളും അനുഷ്ഠാനോപാസനകളുമായി നമ്മുടെ സാഹിത്യം വളര്‍ന്നു, പിന്നീടത് പാട്ടും മണിപ്രവാളവും തുള്ളലും ആട്ടക്കഥയുമൊക്കെയായി വികസിച്ചു. പാശ്ചാത്യരുടെ സമ്പര്‍ക്കത്തോടെ ഗദ്യവും ആധുനികങ്ങളായ സാഹിത്യശാഖകളും പ്രചാരത്തിലായി. അനേകം ഗ്രാമസ്വരൂപങ്ങളും അധികാരഘടകങ്ങളുമായി ചിതറിക്കിടന്ന കേരളീയതയെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ മലയാളഭാഷയുടെ മാനവീകരണത്തിലൂടെ കഴിഞ്ഞിട്ടണ്ട്. ഭാഷയുടെ ഈ ധര്‍മ്മം വേണ്ടത്ര സൂക്ഷ്മതയോടെ അപഗ്രഥിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. നിരവധി ഭാഷാഭേദങ്ങളും വാമൊഴി വഴക്കങ്ങളുമുള്ള മലയാളത്തില്‍ മേധാവിത്വം പുലര്‍ത്തിയ ആര്യയെഴുത്തും മണിപ്രവാള ശൈലിയുമാണ് മാനകീകരിക്കപ്പെട്ടത്. പത്തൊമ്പതാം  നൂറ്റാണ്ടിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് നന്ദി പറയാം, മലയാളത്തിന്റെ ഏകോപനത്തിനും മാനകീകരണത്തിനും അതല്ലായിരുന്നെങ്കില്‍ ഈ ഭാഷ ഇന്നത്തെ നിലയില്‍ വികസിക്കുമായിരുന്നോ എന്നും സംശയമാണ്.ഇംഗ്ലീഷ് മീഡിയവും അതിന്റെ കൊളോണിയല്‍ പളപളപ്പും വിട്ടുമാറിയിട്ടില്ലെങ്കിലും മലയാളത്തിന്റെ ഇന്നത്തെ നില തികച്ചും ഭദ്രമാണ്. സൈബര്‍കാലത്തിന്റെ വെല്ലുവിളിക ളത്രയും അഭിമുഖീകരിച്ചുകൊണ്ടുതന്നെ ഒരു ജനതയുടെ ഏതാവശ്യത്തെയും സാക്ഷാത്ക്കരിച്ചുകൊണ്ട് നമ്മുടെ മലയാളം വളരുകയാണ്. അത് ഇനിയും വളരുകതന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ