2011 ജനുവരി 29, ശനിയാഴ്‌ച
കവിത. അഹല്യ
അതിപുരാതനമൊരു പുലര്‍വേളയില്‍
മഞ്ഞലയിളക്കിയുലച്ചേകാന്തമാ
പര്‍ണ്ണശാലന്തികത്തിലെത്തുന്നു ഗൂഡം
സംഭ്രമമിയന്നൊരു സോമരൂപനുദാരന്‍
അപ്രതീക്ഷിതമെങ്കിലും ചിരകാമനയീ
കുതൂഹലം, വിടര്‍ന്ന കണ്ണാല്‍ കണ്ടാള്‍ തന്വീയക്കാന്തനെ
പ്രാണനിളകിപ്പുളയും നെഞ്ചകം കുറുകുന്നു
സന്ധികളില്‍ തീയാളിത്തരിച്ചുപോകുന്നു.
സാഫല്യമാര്‍ന്നുടന്‍ വിബുധപതി സുസ്മേരയ-
ക്കന്യയെപ്പുണരവേ പൊന്‍പൂക്കളാല്‍ ദ്യോവും
നന്ദിച്ചിടുന്നു ബ്രഹ്മസമ്മതമെന്നീ സമാഗമം
ഭവിഷ്യമൊക്കെയജ്ഞേയമെങ്കിലും ധന്യമീമുഹൂര്‍ത്തം !!
വിളര്‍ത്തുമങ്ങുന്ന വിണ്ണിലൊരുതാര, മിമ ചിമ്മുന്നു
സാക്ഷ്യം വേണ്ടെന്നൊഴിയുന്നു രാകാര്‍ദ്രചന്ദ്രനും
പൂങ്കവിളിലെ ചെംനിറം പകര്‍ന്നാമ്പലും മുഗ്ദ്ധമാവുന്നു
ജീവനരസ മേറ്റാനക്ഷമനാകുന്നു സമീരണന്‍.
ദേവമന്ദാരഗന്ധമുണരുമാ വിരിമാറിടത്തില്‍
സ്വര്‍ഗാംഗനകളിടപെടുമാ മഹാംസങ്ങളില്‍
അണഞ്ഞലിഞ്ഞതവളല്ല യുഗങ്ങളായ്
ജീവനുയിര്‍ക്കാന്‍ ത്വരിക്കും പ്രപഞ്ചചേതന.
കഷ്ടം! കഷ്ടമെട്ടുദിക്കും മാറ്റൊലിക്കൊള്ളും
ധിക്കൃതിയാരോപണത്തില്‍ ഞെരിയുന്നു ഭുവനം
ഒരായുസ്സിന്‍ തപോഫല,മുഗ്രശാപമായ് പതിക്കവേ
ശിലാത്വംപൂകി മറയുന്നു സ്വയമവള്‍ നിര്‍മമതയില്‍
അഹല്യയെന്നാരെ നാം വിളിപ്പൂ - നമ്മിലെ
സമാകര്‍ഷകമാം സര്‍ഗ്ഗചേതനയെ,ക്കരളാകാരം പൂണ്ടു
ധ്വംസിക്കുമാ സദാചാരപ്പഴംമുത്തശ്ശിയെ! എപ്പൊഴും
നമ്മുടെ വാതില്‍പ്പുറം ചെവിയോര്‍ത്തുനില്പ്പോരാ ഭീതയേ !!
ഡോ.യു.ജയപ്രകാശ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ